ബാറ്റർമാരെ കൈമറന്ന് സഹായിക്കുന്നതാണ് ദി വില്ലേജിലെ പിച്ച് എന്നതാണ് സമീപകാല ചരിത്രം

ഡബ്ലിന്‍: ഭാവിതാരങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ യുവനിര നാളെ മുതല്‍ അയലന്‍ഡിനെതിരെ ട്വന്‍റി 20 പരമ്പര കളിക്കുകയാണ്. പേസർ ജസ്പ്രീത് ബുമ്ര നയിക്കുന്ന ടീമില്‍ കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളാണ് പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്. 2024 ടി20 ലോകകപ്പ് മുന്‍നിർത്തി ഭാവി താരങ്ങളെ കണ്ടെത്താനുള്ള നിർണായക പരമ്പരയാണ് രണ്ടാംനിര ടീമെങ്കിലും അയർലന്‍ഡില്‍ ഇന്ത്യക്ക്. ആദ്യ ട്വന്‍റി 20ക്ക് മുന്നോടിയായി ദി വില്ലേജ് സ്റ്റേഡിയത്തിലെ പിച്ച് റിപ്പോർട്ട് മനസിലാക്കാം. 

ബാറ്റർമാരെ കൈമറന്ന് സഹായിക്കുന്നതാണ് ദി വില്ലേജിലെ പിച്ച് എന്നതാണ് സമീപകാല ചരിത്രം. ഇവിടെ തിളങ്ങാന്‍ ബൗളർമാർ പാടുപെട്ടേക്കും. എന്നിരുന്നാലും മധ്യ ഓവറുകളില്‍ സ്പിന്നർമാർ നിർണായകമാകും. 167 ആണ് ഇവിടുത്തെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോർ. ഇവിടെ നടന്ന അവസാന രാജ്യാന്തര ടി20യില്‍ ഇന്ത്യ- അയർലന്‍ഡ് ടീമുകള്‍ തന്നെയാണ് മുഖാമുഖം വന്നത്. അന്ന് ഇന്ത്യയുടെ 225 റണ്‍സ് പിന്തുടർന്ന് ആതിഥേയർ 221 റണ്‍സ് വരെ എത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദീപക് ഹൂഡ(57 പന്തില്‍ 104), സഞ്ജു സാംസണ്‍(42 പന്തില്‍ 77) എന്നിവരുടെ കരുത്തിലാണ് 20 ഓവറില്‍ 7 വിക്കറ്റിന് 225 റണ്‍സെടുത്തത്. ഇത്തവണ പര്യടനത്തിനെത്തിയിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഹൂഡയില്ല. ടീമിലുണ്ടെങ്കിലും ഫോമിലല്ലാത്തതിനാല്‍ സഞ്ജു സാംസണ്‍ കളിക്കുമെന്നുറപ്പില്ല. 

ഇന്ത്യന്‍ സ്ക്വാഡ്: ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്(വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ്മ, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്‌ണ, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍. 

Read more: മടങ്ങിവരവില്‍ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; തകർപ്പന്‍ നാഴികക്കല്ലിനരികെ ബുമ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം