ഐപിഎല്‍ പതിനാറാം സീസണ്‍ കണ്ട ആരാധകർക്ക് മറക്കാനാവാത്ത പേരുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ റിങ്കു സിംഗ്
ഡബ്ലിന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പര യശസ്വി ജയ്സ്വാള്‍, തിലക് വർമ്മ എന്നിവരുടെ വരവറിയിക്കല്‍ ആയെങ്കില്‍ അയർലന്‍ഡിനെതിരായ പരമ്പര കൂടുതല്‍ യുവതാരങ്ങള്‍ക്കുള്ള അവസരമാണ്. ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ച ഫിനിഷർ റിങ്കു സിംഗ് ഇന്ന് ആദ്യ ട്വന്‍റി 20 കളിച്ച് രാജ്യാന്തര അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും റിങ്കും സിംഗ് ഇന്ത്യന്‍ സ്ക്വാഡിലുണ്ട്.
ഐപിഎല്‍ പതിനാറാം സീസണ്‍ കണ്ട ആരാധകർക്ക് മറക്കാനാവാത്ത പേരുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ റിങ്കു സിംഗ്. തുടർച്ചയായി അഞ്ച് സിക്സറുകളടക്കം ബാറ്റെടുത്ത മത്സരങ്ങളില്‍ മിക്കതിലും ഇടംകൈയന്‍ റിങ്കു ഫിനിഷിംഗ് മികവ് കൊണ്ട് അമ്പരപ്പിച്ചു. സീസണിലെ ഏറ്റവും മികച്ച ഫിനിഷർ എന്ന വിശേഷണമാണ് റിങ്കുവിന് ആരാധകർ നല്‍കിയത്. ഐപിഎല്ലിന് പിന്നാലെ നടന്ന വിന്‍ഡീസ് പര്യടനത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും അയർലന്‍ഡിന് എതിരായ ആദ്യ ടി20യിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഇന്ന് ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തില്‍ റിങ്കു സിംഗ് ആദ്യമായി ഇന്ത്യയുടെ നീല ജേഴ്സി അണിയും.
ഇന്ത്യന്‍ മാനേജ്മെന്‍റിന് ഏറെ പ്രതീക്ഷ നല്‍കുന്ന കണക്കുകളാണ് റിങ്കു സിംഗിന്‍റേത്. ഐപിഎല്‍ 2023 സീസണില്‍ കെകെആറിന്‍റെ ഉയർന്ന റണ്‍വേട്ടക്കാരനായി മാറിയ താരം 14 കളികളില്‍ 59.25 ശരാശരിയിലും 149.52 പ്രഹരശേഷിയിും 474 റണ്‍സ് നേടി. മൂന്ന് അർധസെഞ്ചുറി പേരിലാക്കിയപ്പോള്‍ 67* ആണ് ഉയർന്ന സ്കോർ. ഗുജറാത്ത് ടൈറ്റന്‍സിനതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ അഞ്ച് പന്തില്‍ 29 റണ്‍സ് വേണ്ടപ്പോള്‍ യഷ് ദയാലിനെ തുടർച്ചയായി 5 സിക്സുകള്‍ പറത്തി റിങ്കു വിസ്മയിപ്പിച്ചിരുന്നു. ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിളിട്ട് സ്‌ട്രൈക്ക് റിങ്കുവിന് കൈമാറിപ്പോള്‍ അവസാന അഞ്ച് പന്തുകളും സിക്‌സ് പായിച്ച് യുവ താരം കൊല്‍ക്കത്തയ്ക്ക് മൂന്ന് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു.
