ലോക ക്രിക്കറ്റിലെ കിംഗായ വിരാട് കോലിയുടെ പേരില്‍ 15 വർഷം കൊണ്ട് എഴുതപ്പെട്ടത് 53.63 ശരാശരിയില്‍ 25582 റണ്‍സും 76 സെഞ്ചുറികളും
ദില്ലി: 2008 ഓഗസ്റ്റ് 18, ലോക ക്രിക്കറ്റിലേക്ക് ഇന്ത്യയുടെ വിരാട് കോലി വരവറിയിച്ച ദിനമാണിത്. കോലിയുടെ രാജ്യാന്തര അരങ്ങേറ്റം പതിനഞ്ച് വർഷം മുമ്പ് ഇന്നേ ദിനമായിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചത് എക്കാലത്തേയും മികച്ച ബാറ്റർമാരില്‍ ഒരാളെന്ന ഖ്യാതിയിലേക്ക് കോലി വളരുന്നതാണ്. റണ്‍ മെഷീന്‍, കിംഗ് കോലി എന്നീ വിശേഷണങ്ങള്‍ കോലിയുടെ ബാറ്റ് നേടിയെടുക്കുന്നതിന് ഏവരും സാക്ഷികളായി.
ലോക ക്രിക്കറ്റിലെ കിംഗായി അവരോധിച്ച വിരാട് കോലിയുടെ പേരില്‍ 15 വർഷം കൊണ്ട് എഴുതപ്പെട്ടത് 53.63 ശരാശരിയില്‍ 25582 റണ്‍സും 76 സെഞ്ചുറികളും. 2008ലെ അണ്ടർ 19 ലോകകപ്പ് കിരീടത്തിന് പിന്നാലെ ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം കോലിയോളം രാജ്യാന്തര റണ്‍സും സെഞ്ചുറികളും പുരസ്കാരങ്ങളും മറ്റാർക്കുമില്ല. 2008 മുതല്‍ ലോക ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, ഏകദിന റണ്‍സ്, രാജ്യാന്തര ടി20 റണ്‍സ്, കൂടുതല്‍ ഡബിള്‍ സെഞ്ചുറികള്‍, കൂടുതല്‍ സെഞ്ചുറികള്‍, കൂടുതല്‍ ഫിഫ്റ്റികള്‍, കൂടുതല്‍ ഐസിസി ചാമ്പ്യന്‍ഷിപ്പ് റണ്‍സ്, കൂടുതല്‍ ഐസിസി പുരസ്കാരങ്ങള്‍, കൂടുതല്‍ പ്ലെയർ ഓഫ് ദി മാച്ച്, കൂടുതല്‍ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരങ്ങള്‍ എന്നിവ കോലിയുടെ പേരിലാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ 111 മത്സരങ്ങളില്‍ 29 വീതം സെഞ്ചുറികളും അർധസെഞ്ചുറികളും പേരിലുള്ള കോലി 8676 റണ്‍സ് പേരിലാക്കി. 275 ഏകദിനങ്ങളില്‍ 46 സെഞ്ചുറികളും 65 ഫിഫ്റ്റികളും സഹിതം 12898 റണ്‍സ് കിംഗിനുണ്ട്. അതേസമയം 115 രാജ്യാന്തര ട്വന്‍റി 20കളില്‍ ഒരു സെഞ്ചുറിയും 37 അർധസെഞ്ചുറികളും ഉള്‍പ്പടെ 4008 റണ്‍സും കോലി നേടി. ഇതിന് പുറമെ ഐപിഎല്ലിലും മികച്ച റെക്കോർഡാണ് വിരാട് കോലിക്കുള്ളത്. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 237 മത്സരങ്ങളില്‍ 7263 റണ്‍സാണ് കോലിയുടെ സമ്പാദ്യം. സമകാലിക ക്രിക്കറ്റില്‍ മൂന്ന് ഫോർമാറ്റുകളും പരിഗണിച്ചാല്‍ കോലിയോളം മികച്ച മറ്റൊരു ബാറ്ററില്ല എന്നതാണ് വസ്തുത.
Read more: ഏകദിന ലോകകപ്പ്; സമ്മർദം ഇന്ത്യക്ക് എന്ന് അക്തർ, തോല്‍പിക്കുമെന്ന് മുന്നറിയിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
