കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ക്ക് ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ മുഹമ്മദ് സിറാജ് ആദ്യ പ്രഹരം നല്‍കി

ഹൈദരാബാദ്: ആദ്യ ഏകദിനത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 350 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ന്യൂസിലന്‍ഡിന് തകര്‍ച്ച. 28 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. നായകന്‍ ടോം ലാഥമും മൈക്കല്‍ ബ്രേസ്‌വെല്ലുമാണ് ക്രീസില്‍. 

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ക്ക് ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ മുഹമ്മദ് സിറാജ് ആദ്യ പ്രഹരം നല്‍കി. 16 പന്തില്‍ 10 റണ്‍സെടുത്ത ദേവോണ്‍ കോണ്‍വേയെ കുല്‍ദീപ് യാദവ് പിടിച്ച് പുറത്താക്കുകയായിരുന്നു. സഹ ഓപ്പണര്‍ ഫിന്‍ അലന്‍റെ പോരാട്ടം അര്‍ധസെഞ്ചുറിയിലേക്ക് എത്തിയില്ല. 39 പന്തില്‍ 40 റണ്‍സെടുത്ത അലനെ ഷര്‍ദ്ദുല്‍ ഠാക്കൂറാണ് മടക്കിയത്. പകരക്കാരന്‍ ഫീല്‍ഡര്‍ ഷഹ്‌ബാസ് അഹമ്മദിനാണ് ക്യാച്ച്. പിന്നാലെ ഹെന്‍‌റി നിക്കോള്‍സ്(31 പന്തില്‍ 18), ഡാരില്‍ മിച്ചല്‍(12 പന്തില്‍ 9) എന്നിവരെ മടക്കി കുല്‍ദീപ് യാദവ് സന്ദര്‍ശകര്‍ക്ക് ഇരട്ട പ്രഹരം നല്‍കി. അഞ്ചാമനായി പുറത്തായ ഗ്ലെന്‍ ഫിലിപ്‌സിനെ(20 പന്തില്‍ 11) മുഹമ്മദ് ഷമി ബൗള്‍ഡാക്കുകയായിരുന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ശുഭ്‌‌മാന്‍ ഗില്ലിന്‍റെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സ് നേടി. 145 പന്തിലായിരുന്നു ഗില്ലിന്‍റെ ഡബിള്‍. ഓപ്പണറായി ഇറങ്ങിയ ഗില്‍ 49.2 ഓവറും ക്രീസില്‍ നിന്ന ശേഷം 149 പന്തില്‍ 19 ഫോറും 9 സിക്‌സറും സഹിതം 208 റണ്‍സെടുത്താണ് മടങ്ങിയത്. നായകന്‍ രോഹിത് ശര്‍മ്മ(38 പന്തില്‍ 34), വിരാട് കോലി(10 പന്തില്‍ 8), ഇഷാന്‍ കിഷന്‍(14 പന്തില്‍ 5), സൂര്യകുമാര്‍ യാദവ്(26 പന്തില്‍ 31), ഹാര്‍ദിക് പാണ്ഡ്യ(38 പന്തില്‍ 28), വാഷിംഗ്‌ടണ്‍ സുന്ദര്‍(14 പന്തില്‍ 12), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(3 പന്തില്‍ 3), കുല്‍ദീപ് യാദവ്(6 പന്തില്‍ 5*), മുഹമ്മദ് ഷമി(2 പന്തില്‍ 2*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 

6, 6, 6! രാജകീയമായി 200ലേക്ക്; ഡബിള്‍ സെഞ്ചുറി ആഘോഷമാക്കി ഗില്‍, ആഘോഷത്തിമിര്‍പ്പില്‍ ടീമും- വീഡിയോ