Asianet News MalayalamAsianet News Malayalam

IND vs NZ : കാണ്‍പൂര്‍ ടെസ്റ്റില്‍ ആവേശം; ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍, ബ്രേക്ക്‌ത്രൂവിനായി ഇന്ത്യ

ഒരു വിക്കറ്റിന് നാല് റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ് അഞ്ചാം ദിനം ബാറ്റിംഗാരംഭിച്ചത്

IND vs NZ 1st Test New Zealand on strong position last day first session
Author
Kanpur, First Published Nov 29, 2021, 11:44 AM IST

കാണ്‍പൂര്‍: കാണ്‍പൂര്‍ ടെസ്റ്റില്‍(IND vs NZ 1st Test) അവസാന ദിനം 280 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡിനെ വരുതിയിലാക്കാന്‍ കഴിയാതെ ഇന്ത്യ. ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ 79/1 എന്ന ശക്തമായ നിലയിലാണ് കിവികള്‍. 36 റണ്‍സുമായി വില്യം സോമര്‍വില്ലും(William Somerville) 35 റണ്‍സെടുത്ത് ടോം ലാഥമുവാണ്(Tom Latham) ക്രീസില്‍. ഒമ്പത് വിക്കറ്റ് കയ്യിലിരിക്കേ ജയിക്കാന്‍ കിവീസിന് 205 റണ്‍സ് കൂടി വേണം. 

ഒരു വിക്കറ്റിന് നാല് റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ് അഞ്ചാം ദിനം ബാറ്റിംഗാരംഭിച്ചത്. രണ്ട് റൺസുമായി ടോം ലാഥവും റൺസൊന്നും എടുക്കാതെ സോമർവില്ലുമായിരുന്നു ക്രീസിൽ. 13 പന്തില്‍ രണ്ട് റണ്‍സെടുത്ത വില്‍ യങ്ങിനെ രവിചന്ദ്ര അശ്വിന്‍ എല്‍ബിയില്‍ നാലാം ദിനം പിരിയുമ്പോള്‍ കുടുക്കിയിരുന്നു. ഒൻപത് വിക്കറ്റ് ശേഷിക്കേ ജയിക്കാൻ 280 റൺസ് കൂടി തേടി അവസാന ദിവസം ഇറങ്ങിയ കിവികളെ ആദ്യ സെഷനില്‍ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. 

അയ്യര് ടെസ്റ്റ്

കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ടിംഗ്‌സിലും ശ്രേയസ് അയ്യരുടെ ഇന്നിംഗ്‌സാണ് ടീം ഇന്ത്യക്ക് തുണയായത്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 345 റണ്‍സില്‍ പുറത്തായപ്പോള്‍ ശ്രേയസ് 171 പന്തില്‍ 105 റണ്‍സെടുത്തു. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 16-ാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമായി. ശുഭ്‌‌മാന്‍ ഗില്‍(52), രവീന്ദ്ര ജഡേജ(50) എന്നിവരുടെ ഇന്നിംഗ്‌സിലും ഇന്ത്യക്ക് തുണയായി. നായകന്‍ അജിങ്ക്യ രഹാനെ 35 റണ്‍സില്‍ വീണു. ന്യൂസിലന്‍ഡിനായി ടിം സൗത്തി അഞ്ചും കെയ്‌ല്‍ ജാമീസണ്‍ മൂന്നും അജാസ് പട്ടേല്‍ രണ്ടും വിക്കറ്റ് നേടി. 

അക്‌സറിന് അഞ്ച്

മറുപടി ബാറ്റിംഗില്‍ അക്‌സര്‍ പട്ടേലിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ന്യൂസിലന്‍ഡ് 296ല്‍ പുറത്തായി. കിവീസ് ഓപ്പണര്‍മാരുടെ സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ച് മൂന്നാം ദിനം ശക്തമായ തിരിച്ചുവരവ് കാഴ്‌ചവെക്കുകയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍. ഓപ്പണര്‍മാരായി ഇറങ്ങി 95 റണ്‍സെടുത്ത ടോം ലാഥമും 89 റണ്‍സെടുത്ത വില്‍ യങ്ങും മാത്രമാണ് കിവീസ് നിരയില്‍ പിടിച്ചുനിന്നത്. ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണ്‍ 23 റണ്‍സ് നേടി. അക്‌സറിന്‍റെ അഞ്ചിന് പുറമെ രവിചന്ദ്ര അശ്വിന്‍ മൂന്നും ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും വീഴ്‌ത്തി. 

വീണ്ടും അയ്യര്‍ 

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ മായങ്ക് അഗര്‍വാള്‍ 17നും ശുഭ്‌മാന്‍ ഗില്‍ ഒന്നിനും ചേതേശ്വര്‍ പൂജാര 22നും അജിങ്ക്യ രഹാനെ നാലിനും വീണപ്പോള്‍ 125 പന്തില്‍ 65 റണ്‍സുമായി രണ്ടാം ഇന്നിംഗ്‌സിലും ശ്രേയസ് പ്രതിഭ കാട്ടി. രണ്ടിന്നിംഗ്‌സിലും സൗത്തിക്കായിരുന്നു അയ്യരുടെ വിക്കറ്റ്. പൂജാരയും(22), രഹാനെയും(4) വീണ്ടും നാണക്കേടായി. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ജഡേജ പൂജ്യത്തിലും മടങ്ങി. ശ്രേയസിന്‍റെ ഒപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ ആര്‍ അശ്വിന്‍റെ 35 റണ്‍സ് നിര്‍ണായകമായി.

സാഹ വക സഹായം 

ഇതോടൊപ്പം വാലറ്റത്ത് വൃദ്ധിമാന്‍ സാഹ-അക്‌സര്‍ പട്ടേല്‍ സഖ്യം ഇന്ത്യന്‍ ലീഡ് 250 കടത്തി. ഇന്ത്യ 234-7 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്യുമ്പോള്‍ സാഹ 126 പന്തില്‍ 61 ഉം അക്‌സര്‍ 67 പന്തില്‍ 28 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. ടിം സൗത്തിയും കെയ്‌ല്‍ ജാമീസണും മൂന്ന് വീതവും അജാസ് പട്ടേല്‍ ഒന്നും വിക്കറ്റ് നേടി. നാലാം ഇന്നിംഗ്‌സില്‍ ഇന്ത്യയില്‍ ഒരു സന്ദര്‍ശക ടീമും ഇതുവരെ 276 റണ്‍സിലധികം വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios