വിരാട് കോലി വിശ്രമമെടുത്ത ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് അജിങ്ക്യാ രഹാനെയായിരുന്നു(Ajinkya Rahane). കിവീസിനെ നയിച്ചത് കെയ്ന്‍ വില്യംസണും. ഇതോടെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ നാലു ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിക്കുകയെന്ന അപൂര്‍വതക്കും മുംബൈ ടെസ്റ്റ് സാക്ഷ്യം വഹിച്ചു.

മുംബൈ: ഇന്ത്യയും ന്യൂസിലന്‍ഡും(IND vs NZ) തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി വിരാട് കോലി(Virat kohli) തിരിച്ചെത്തിയതോടെ പിറന്നത് ടെസ്റ്റ് ചരിത്രത്തില്‍ 132 വര്‍ഷത്തിനിടെ ഒരു അപൂര്‍വ റെക്കോര്‍ഡ്. വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനാവുകയും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍(Kane Williamson) കൈമുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇതോടെ ടോം ലാഥമാണ്(Tom Latham) രണ്ടാം ടെസ്റ്റില്‍ കിവീസിനെ നയിച്ചത്.

വിരാട് കോലി വിശ്രമമെടുത്ത ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് അജിങ്ക്യാ രഹാനെയായിരുന്നു(Ajinkya Rahane). കിവീസിനെ നയിച്ചത് കെയ്ന്‍ വില്യംസണും. ഇതോടെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ നാലു ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിക്കുകയെന്ന അപൂര്‍വതക്കും മുംബൈ ടെസ്റ്റ് സാക്ഷ്യം വഹിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 132 വര്‍ഷത്തിനിടെ ആദ്യമായാണ് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ നാലു ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിക്കുന്നത്.

1889ല്‍ ദക്ഷിണാഫ്രിക്കയും-ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലാണ് ഇതിന് മുമ്പ് നാലു ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിച്ചത്. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഓവന്‍ ഡണലും രണ്ടാം ടെസ്റ്റില്‍ വില്യം മില്‍ട്ടണും നയിച്ചപ്പോള്‍ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ സി ഓബറി സ്മിത്തിും രണ്ടാം ടെസ്റ്റില്‍ മോണ്ടി ബൗഡനുമായിരുന്നു ഇംഗ്ലണ്ടിനെ നയിച്ചത്.

മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച രഹാനെയും പേസര്‍ ഇഷാന്ത് ശര്‍മയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായപ്പോള്‍ രഹാനെക്ക് പകരം കോലിയും ജഡേജക്ക് പകപം ജയന്ത് യാദവും ഇഷാന്തിന് പകരം മുഹമ്മദ് സിറാജും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.

മുംബൈ ടെസ്റ്റില്‍ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ്. 120 റണ്‍സോടെ മായങ്ക് അഗര്‍വാളും 25 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ക്രീസില്‍. കോലിക്ക് പുറമെ ചേതേശ്വര്‍ പൂജാരയും ഇന്ന് പൂജ്യത്തിന് പുറത്തായിരുന്നു.