Asianet News MalayalamAsianet News Malayalam

ആ ഒരൊറ്റ കാരണം മാത്രം, സഞ്ജു വീണ്ടും പുറത്ത് ഇരുന്നേക്കും; ഇന്ത്യ-ന്യൂസിലന്‍ഡ് അവസാന ഏകദിനം നാളെ

ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡ് വിജയം നേടിയപ്പോള്‍ രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസണെ വീണ്ടും പുറത്തിരുത്താനാണ് സാധ്യത.

ind vs nz last odi tomorrow no chance for sanju samson
Author
First Published Nov 29, 2022, 8:51 PM IST

വെല്ലിംഗ്ടണ്‍: ഇന്ത്യ - ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരം നാളെ നടക്കും. ക്രൈസ്റ്റ് ചര്‍ച്ചിൽ ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡ് വിജയം നേടിയപ്പോള്‍ രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസണെ വീണ്ടും പുറത്തിരുത്താനാണ് സാധ്യത.

ആറ് ബൗളിംഗ് ഓപ്ഷന്‍ വേണമെന്ന ന്യായമാണ് സഞ്ജുവിനെ പുറത്തിരുത്താന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് മുന്നോട്ടുവയ്ക്കുന്നത്. ആദ്യ ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത സഞ്ജുവിന് രണ്ടാം മത്സരത്തില്‍ സ്ഥാനം നഷ്ടമായിരുന്നു. സഞ്ജുവിന് പകരം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് കളിച്ചത്. ഈ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

നായകന്‍ ശിഖര്‍ ധവാന്‍ സഞ്ജുവിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ചത് ഇങ്ങനെ: '' സഞ്ജു ഇന്ന് കളിക്കുന്നില്ല. ഒരു ആറാം ബൗളര്‍ വേണമെന്നുള്ളതുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കുന്നത്. പകരം ദീപക് ഹൂഡ കളിക്കും.'' ധവാന്‍ പറഞ്ഞു. യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളെ കുറിച്ചും ധവാന്‍ സംസാരിച്ചു. ''യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്. ശുഭ്മാന്‍ ഗില്‍ നന്നായി ബാറ്റ് ചെയ്തു. ഉമ്രാന്‍ മാലിക്കിന്റെ ബൗളിംഗും എടുത്തുപറയേണ്ടിയിരിക്കുന്നു.

ഒരു ടീമെന്ന നിലയില്‍ പദ്ധതികള്‍ക്കനുസരിച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ക്രൈസ്റ്റ്ചര്‍ച്ചില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പരമ്പരയില്‍ ഒപ്പമെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.'' ധവാന്‍ കൂട്ടിചേര്‍ത്തു. രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള പ്രതിഷേധം ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പ് വേദിയില്‍ വരെ എത്തിയിരുന്നു. സഞ്ജുവിന് പിന്തുണയുമായാണ് നിരവധി ആരാധകര്‍ ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനത്തിയത്.

ഈ ചിത്രങ്ങള്‍ സഞ്ജുവിന്‍റെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു. സച്ചിനും ധോണിയും കോലിയും കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ സഞ്ജുവിനാണ് എന്നാണ് ആരാധകര്‍ വാദിക്കുന്നത്. സഞ്ജുവിനെ ഒഴിവാക്കിയതില്‍ നായകന്‍ ശിഖര്‍ ധവാനെയും പരിശീലകന്‍ വിവിഎസ് ലക്ഷ്‌മണെയും ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. 

ഇനി ആര്‍ക്കും ഒരു സംശയവും വേണ്ട, പോര്‍ച്ചുഗലിന്‍റെ ആദ്യ ഗോള്‍ ആര്‍ക്ക്? ഫിഫ ടെക് ടീമിന്‍റെ തീരുമാനം വന്നു

Follow Us:
Download App:
  • android
  • ios