ഇന്ത്യന്‍ റിസ്റ്റ് സ്‌പിന്‍ ദ്വയത്തില്‍ നിന്ന് കുല്‍ദീപ് യാദവിനെയോ യുസ്‌വേന്ദ്ര ചാഹലിനേയോ കളിപ്പിക്കണം എന്നാണ് ആദ്യ ചോദ്യം

ഹൈദരാബാദ്: ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയ്ക്ക് കച്ചമുറുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജനുവരി 18 ബുധനാഴ്‌ചയാണ് ആദ്യ ഏകദിനം. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ടീം ഉറപ്പിക്കാന്‍ നിര്‍ണായകമാണ് ഇനിയുള്ള ഏകദിന പരമ്പരകളെല്ലാം. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തിന് മുമ്പ് വലിയ സെലക്ഷന്‍ തലവേദനയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനേയും കാത്തിരിക്കുന്നത്. ഈ വര്‍ഷം ഏകദിന പരമ്പരകളില്‍ ടീം സെലക്ഷന്‍ മാനേജ്‌മെന്‍റിന് അത്ര എളുപ്പമാവില്ല. 

കുല്‍ദീപ് യാദവ്/യുസ്‌വേന്ദ്ര ചാഹല്‍

ഇന്ത്യന്‍ റിസ്റ്റ് സ്‌പിന്‍ ദ്വയത്തില്‍ നിന്ന് കുല്‍ദീപ് യാദവിനെയോ യുസ്‌വേന്ദ്ര ചാഹലിനേയോ കളിപ്പിക്കണം എന്നാണ് ആദ്യ ചോദ്യം. മുമ്പ് ഒരുമിച്ച് ഏറെ മത്സരങ്ങളില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള ഇവരില്‍ ഒരാളെ കളിപ്പിക്കാനേ നിലവില്‍ വഴിയുള്ളൂ. അവസാനം ശ്രീലങ്കയ്ക്ക് എതിരെ നടന്ന പരമ്പരയോടെ പ്ലേയിംഗ് ഇലവനിലേക്ക് നേരിയ മുന്‍തൂക്കം ചാഹലിനെതിരെ കുല്‍ദീപ് നേടിക്കഴിഞ്ഞു. എന്നാല്‍ ചാഹലിനെ തഴയുക പ്രയാസവുമാണ്. 

വാഷിംഗ്‌ടണ്‍ സുന്ദര്‍/ഉമ്രാന്‍ മാലിക്

വാഷിംഗ്‌ടണ്‍ സുന്ദര്‍ സ്‌പിന്നറും ഉമ്രാന്‍ മാലിക് പേസറുമാണ്. എങ്കില്‍പ്പോലും രണ്ട് പേരെയും ഒരുമിച്ച് കളിപ്പിക്കുക പ്രയാസകരമാണ് ടീമിനെ സംബന്ധിച്ച്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മുന്‍നിര പേസര്‍മാരാകും എന്നതിനാല്‍ മുഹമ്മദ് ഷമിയുമായാണ് മാലിക്കിന്‍റെ പോരാട്ടം. ലോകകപ്പിന് മുമ്പ് ഉമ്രാന് പരമാവധി അവസരം നല്‍കേണ്ടതുമുണ്ട്. വാഷിംഗ്‌ടണ്‍ സുന്ദര്‍ എട്ടാം നമ്പറിലെത്തിയാല്‍ അത് ബാറ്റിംഗിന് കൂടി സഹായകമാകും. സാഹചര്യങ്ങളും ടീമിന്‍റെ ആവശ്യവും അനുസരിച്ച് മാത്രമേ ഇവരില്‍ ആരെ കളിപ്പിക്കണം എന്ന തീരുമാനത്തില്‍ എത്താന്‍ കഴിയൂ. 

ശുഭ്‌മാന്‍ ഗില്‍/ഇഷാന്‍ കിഷന്‍

ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയ്ക്ക് മുമ്പ് ടീമിന്‍റെ വലിയ തലവേദന ശുഭ്‌മാന്‍ ഗില്ലിന്‍റെ കാര്യത്തിലായിരുന്നു. മാനേജ്‌മെന്‍റിന്‍റെ വിശ്വാസം കാത്ത ഗില്‍ ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി മാറി. തിരുവനന്തപുരത്തെ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടുകയും ചെയ്തു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ ഇല്ലാത്തതിനാല്‍ ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് എത്താനാണ് സാധ്യത. ഇരുവരും ഫോമിലേക്ക് എത്തിയാല്‍ രാഹുലിനെ വീണ്ടും പ്ലേയിംഗ് ഇലവനിലേക്ക് ഉള്‍പ്പെടുത്തുക പ്രയാസമാകും. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഗില്ലിനാകും സാധ്യത കൂടുതല്‍. 

ടെസ്റ്റ് റാങ്കിംഗിലും ഒന്നാമതെത്തി ഇന്ത്യ; കിവീസിനെതിരായ ഏകദിന പരമ്പര നേടിയാല്‍ കാത്തിരിക്കുന്നത് ചരിത്രനേട്ടം