സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങുന്ന ഗില്ലിന് ഈ വര്‍ഷം കളിച്ച 14 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല.
മുള്ളന്‍പൂര്‍: ഓപ്പണറായി മൂന്ന് സെഞ്ചുറികളടിച്ച മലയാളി താരം സഞ്ജു സാംസണ് പകരം ഓപ്പണറായി ഇറങ്ങി തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലു റണ്‍സെടുത്ത് പുറത്തായ ഗില്‍ രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതോടെയാണ് ആരാധകര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. ലുങ്കി എന്‍ഗിഡി എറിഞ്ഞ ആദ്യ ഓവറില്‍ അഞ്ചാം പന്തില്‍ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്.
സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങുന്ന ഗില്ലിന് ഈ വര്‍ഷം കളിച്ച 14 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല. മൂന്ന് തവണ മാത്രമാണ് ഗില്ലിന് 30ന് മുകളില്‍ സ്കോര്‍ ചെയ്യാനായത്. 47 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 23 ശരാശരിയിലും 143.71 സ്ട്രൈക്ക് റേറ്റിലും 263 റണ്‍സാണ് ഈ വര്‍ഷം ഓപ്പണറായി ഇറങ്ങിയ ഗില്‍ ഇതുവരെ നേടിയത്. കഴിഞ്ഞ 13 ഇന്നിംഗ്സില്‍ 20(9), 10(7), 5(8), 47(28), 29(19), 4(3), 12(10), 37*(20), 5(10), 15(12), 46(40), 29(16), 4(2), 0 എന്നിങ്ങനെയാണ് ഗില്ലിന്‍റെ സ്കോറുകള്‍. കട്ടക്കിലും എന്‍ഗിഡിയുടെ പന്തിലായിരുന്നു ഗില്‍ പുറത്തായത്.
തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെയാണ് ആരാധകര്‍ ഗില്ലിനെ സമൂഹമാധ്യമങ്ങളില്‍ നിര്‍ത്തിപ്പൊരിച്ചത്. ഇഷാന്‍ കിഷനെയും യശസ്വി ജയ്സ്വാളിനെയും സഞ്ജു സാംസണെയും റുതുരാജ് ഗെയ്ക്‌വാദിനെയും പോലുള്ള താരങ്ങളുടെ കരിയര്‍ ഇല്ലാതാക്കി ഫേവറൈറ്റിസം കൊണ്ടാണ് ഗില്‍ ടീമില്‍ പിടിച്ചു നില്‍ക്കുന്നതെന്ന് ആരാധകര്‍ കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്‍റെ പോസ്റ്റര്‍ ബോയിയുടെ പ്രകടനം പരിതാപകരമാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.
ഓപ്പണറായി ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ചുറി അടക്കം മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവും ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള യശസ്വി ജയ്സ്വളുമുള്ളപ്പോഴാണ് ഏഷ്യാ കപ്പില്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനും ഓപ്പണറുമാക്കി കോച്ച് ഗൗതം ഗംഭീര്‍ പരീക്ഷിച്ചത്.


