ജസ്പ്രീത് ബുമ്ര നാലോവറില്‍ 45 റണ്‍സും വഴങ്ങി. ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 99 റൺസ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല.
മുള്ളൻപൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യൻ പേസര്‍മാർ നിറം മങ്ങിയപ്പോള്‍ ഇന്ത്യൻ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രഹമേറ്റത് നാലോവറില്‍ 54 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിംഗായിരുന്നു. ജസ്പ്രീത് ബുമ്ര നാലോവറില്‍ 45 റണ്‍സും വഴങ്ങി. ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 99 റൺസ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരാണ് അര്‍ഷ്ദീപും ബുമ്രയും. അര്‍ഷ്ദീപിന്‍റെ പേരില്‍ 107 വിക്കറ്റുള്ളപ്പോള്‍ ബുമ്ര കഴിഞ്ഞ മത്സരത്തിലാണ് 100 വിക്കറ്റ് തികച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇരുവരെയും നിലം തൊടാതെ ദക്ഷിണാഫ്രിക്ക പറത്തി.
തന്‍റെ ആദ്യ രണ്ടോവറില്‍ അര്‍ഷ്ദീപ് 20 റണ്‍സ് വഴങ്ങിയപ്പോള്‍ ബുമ്ര 17 റണ്‍സ് വിട്ടുകൊടുത്തു. ഡി കോക്കും ഏയ്ഡന്‍ മാര്‍ക്രവും തകര്‍ത്തടിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ പതിനൊന്നാം ഓവറില്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അര്‍ഷ്ദീപിനെ വീണ്ടും പന്തെറിയാന്‍ വിളിച്ചു. ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപിനെ ഡി കോക്ക് സിക്സിന് പറത്തി. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വൈഡ് ബോളുകളെറിഞ്ഞ് അര്‍ഷ്ദീപ് നാണംകെട്ടു. പതിനൊന്നാം ഓവറിലെ രണ്ടാം പന്ത് എറിയാനെത്തിയ അര്‍ഷ്ദീപ് ആദ്യം തുടര്‍ച്ചയായി രണ്ട് വൈഡ് ബോളുകളെറിഞ്ഞു.
പിന്നീടൊരു ഡോട്ട് ബോള്‍ എറിഞ്ഞെങ്കിലും അതിനുശേഷം തുടര്‍ച്ചയായി നാലു വൈഡുകള്‍ എറിഞ്ഞു. പിന്നീട് മൂന്ന് പന്തുകള്‍ എറിഞ്ഞ അര്‍ഷ്ദീപ് ഓവറില്‍ വീണ്ടും വൈഡെറിഞ്ഞതോടെ ഡഗ് ഔട്ടിലിരുന്ന ഗംഭീര്‍ രോഷത്തോടെ പ്രതികരിക്കുന്നത് കാണാമായിരുന്നു. അര്‍ഷ്ദീപിന്‍റെ ഓവറില്‍ 18 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക 11ാം ഓവറില്‍ 100 കടക്കുകയും ചെയ്തു. മത്സരത്തിലാകെ 9 വൈഡുകളാണ് അര്‍ഷ്ദീപ് എറിഞ്ഞത്. ഒരു ബൈയും അഞ്ച് ലെഗ് ബൈയും 16 വൈഡും അടക്കം 22 റണ്‍സാണ് ഇന്ത്യ എക്സ്ട്രാ ഇനത്തില്‍ വഴങ്ങിയത്.


