കോലിയുടെ തിരിച്ചുവരവ് ടീമിന്‍റെ കരുത്തു കൂട്ടുകയെയുള്ളു. അദ്ദേഹം ഇത്രയും കാലം എന്താണോ ടീമിനായി ചെയ്തത് അതുതന്നെ തിരിച്ചെത്തുമ്പോഴും അദ്ദേഹം തുടരും. ടീമില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം വളരെ പ്രധാനമാണ്. മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന കളിക്കാരനാണ് കോലി.

ജയ്പൂര്‍: ഇന്ത്യന്‍ ടി20 ടീമിന്‍റെ(Indian T20 Team) ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച വിരാട് കോലി(Virat Kohli) ബാറ്റര്‍ എന്ന നിലയില്‍ തിരിച്ചെത്തുമ്പോള്‍ എന്തായിരിക്കും അദ്ദേഹത്തിന്‍റെ റോളെന്ന് വ്യക്തമാക്കി പുതിയ നായകന്‍ രോഹിത് ശര്‍മ(Rohit Sharma). വിരാട് കോലി ടീ20 ടീമിന്‍റെ അവിഭാജ്യഘടകമായിരിക്കുമെന്ന് രോഹിത് ശര്‍മ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ(IND vs NZ) ആദ്യ മത്സരത്തിന് മുമ്പ് പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമൊത്ത്(Rahul Dravid) വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത് ശര്‍മ.

കോലിയുടെ തിരിച്ചുവരവ് ടീമിന്‍റെ കരുത്തു കൂട്ടുകയെയുള്ളു. അദ്ദേഹം ഇത്രയും കാലം എന്താണോ ടീമിനായി ചെയ്തത് അതുതന്നെ തിരിച്ചെത്തുമ്പോഴും അദ്ദേഹം തുടരും. ടീമില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം വളരെ പ്രധാനമാണ്. മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന കളിക്കാരനാണ് കോലി. കളിക്കാനിറങ്ങുമ്പോഴെല്ലാം തന്‍റെ സാന്നിധ്യം അറിയിക്കാന്‍ കഴിയുന്ന കളിക്കാരനാണ് അദ്ദേഹം. ടീമിന്‍റെ കാഴ്ചപ്പാടിലും കോലി വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. കോലി തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തും അദ്ദേഹത്തെപ്പോലൊരു ബാറ്ററുടെ സാന്നിധ്യവും ടീമിന്‍റെ കരുത്തുകൂട്ടുകയെ ഉള്ളുവെന്നും രോഹിത് പറഞ്ഞു.

ആരുടെയും ടി20 ടെംപ്ലേറ്റ് പകര്‍ത്താനില്ല

ടി20 ക്രിക്കറ്റില്‍ ഏതെങ്കിലും ഒരു ടീമിന്‍റെ പ്രകടനരീതി അതുപോലെ പകത്തില്ലെന്നും രോഹിത് പറഞ്ഞു. ഇന്ത്യന്‍ ടീമിന്‍റെ കരുത്തും ദൗര്‍ബല്യവും കണക്കിലെടുത്ത് ഒരു പ്രകടനരീതി രൂപപ്പെടുത്തിയെടുക്കാനാണ് ശ്രമിക്കുക. ഐസിസി ടൂര്‍ണെന്‍റുകള്‍ ജയിച്ചില്ലെങ്കിലും ട20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്‍റേത് മികച്ച പ്രകടനമാണ്. തീര്‍ച്ചയായും ചില ദ്വാരങ്ങള്‍ അടക്കാനുണ്ട്. അത് എല്ലാ ടീമിലുമുണ്ടാവും. അതുകൊണ്ടുതന്നെ ഏതെങ്കിലും ടീമിന്‍റെ പ്രകടന രീതി ആവര്‍ത്തിക്കുമെന്ന് ഞാന്‍ പറയില്ല. നമ്മുടെതായ പ്രകടനരീതി രൂപപ്പെടുത്തിയെടുക്കാനാണ് ശ്രമിക്കുക.

സയ്യിദ് മുഷ്താഖ് അലിയില്‍ കളിക്കുമ്പോഴും ഐപിഎല്ലില്‍ കളിക്കുമ്പോഴും ഓരോ കളിക്കാരനും വ്യത്യസ്ത റോളുകളാണ് നിറവേറ്റാനുള്ളത്. അതുപോലെ തന്നെയാണ് ഇന്ത്യന്‍ ടീമിലെത്തുമ്പോഴും. ഇന്ത്യന്‍ ടീമില്‍ ഓരോരുത്തരുടെയും റോള്‍ എന്താണോ അത് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയാണ് ചെയ്യാനുള്ളത്. അതിനായി കളിക്കാര്‍ക്ക് ദീര്‍ഘനാളത്തേക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും അവരുടെ പ്രതിഭ പുറത്തെടുക്കാനുള്ള സാഹചര്യമൊരുക്കേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.

ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് കിരീടം കൈവിട്ട ന്യൂസിലന്‍ഡിനെതിരെ ഇന്ത് മൂന്ന് ടി20 മത്സരങ്ങളാണ് കളിക്കുക. ഇതിനുശേഷം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇരു ടീമുകളും കളിക്കും. കെയ്ന്‍ വില്യംസന്‍റെ അഭാവത്തില്‍ ടിം സൗത്തിയാണ് കിവീസിനെ നയിക്കുന്നത്. ജയ്പൂര്‍, റാഞ്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍. കാണ്‍പൂരും, മുംബൈയുമാണ് ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്.