ലഖ്‌നൗവില്‍ ഒരു മണിക്ക് ടോസും ഒന്നരയ്‌ക്ക് മത്സരം ആരംഭിക്കാനുമാണ് നേരത്തെ തീരുമാനിച്ചിരുന്നത്

ലഖ്‌നൗ: കാലാവസ്ഥാ പ്രവചനങ്ങള്‍ ശരിവെച്ച് ലഖ്‌നൗവില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിന് മുമ്പേ രസംകൊല്ലിയായി മഴയുടെ കളി. ഇതോടെ ഒരു മണിക്ക് ഇടേണ്ട ടോസ് അരമണിക്കൂര്‍ വൈകിപ്പിച്ച് 1.30ന് മാത്രമേ നടക്കൂവെന്ന് ബിസിസിഐ അറിയിച്ചു. രണ്ട് മണിക്കാകും മത്സരം ആരംഭിക്കുക. ഒന്നരയ്‌ക്ക് മത്സരം ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ലഖ്‌നൗവില്‍ രണ്ട് ദിവസമായുള്ള മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ പ്രവചനങ്ങളുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ഇടിമിന്നലിനും സാധ്യതയുണ്ട്. 

Scroll to load tweet…

മത്സരം അര മണിക്കൂര്‍ നീട്ടിയെങ്കിലും ഓവറുകള്‍ കുറച്ചതായി ബിസിസിഐ അറിയിച്ചിട്ടില്ല. മത്സരവേദിയില്‍ ഇനിയും മഴ പെയ്‌താല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയേക്കും. 

മുതിര്‍ന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ നായകത്വത്തിലാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിന പരമ്പര കളിക്കുന്നത്. ശ്രേയസ് അയ്യരാണ് ഉപനായകന്‍. വിക്കറ്റ് കീപ്പറും എ ടീം നായകനുമായ സ‍ഞ്ജു സാംസണും ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. ഇന്ന് ലഖ്‌നൗവിലെ ആദ്യ ഏകദിനത്തില്‍ സഞ്ജു കളിക്കുമെന്നാണ് സൂചന. സഞ്ജുവിന് പുറമെ ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ തുടങ്ങിയ താരങ്ങള്‍ക്ക് പരമ്പരയിലെ പ്രകടനം നിര്‍ണായകമാണ്. 

ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍,(വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‌ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍; ലഖ്‌നൗ ഏകദിനത്തില്‍ ആരാധകരെ കാത്തിരിക്കുന്നത്