ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഐപിഎല്ലിൽ പന്തിനെ ബാധിച്ചെന്ന ആക്ഷേപങ്ങള്‍ ഉള്ളപ്പോഴാണ് ദേശീയ ടീം നായകപദവിയിൽ എത്തുന്നത്

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്‍റി 20യില്‍(IND vs SA 1st T20I) ഇന്ന് ഇന്ത്യന്‍ ടീമിനെ നയിക്കുന്നതോടെ റിഷഭ് പന്തിന്(Rishabh Pant) റെക്കോര്‍ഡ്. ടി20യിൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രായം കുറഞ്ഞ നായകനാണ് 24കാരനായ റിഷഭ് പന്ത്. സുരേഷ് റെയ്‌‌നയ്ക്ക്(Suresh Raina) ശേഷം ട്വന്‍റി 20യിൽ നായകനാകുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കാണ് ജന്മനാട്ടിൽ റിഷഭ് പന്ത് ഇറങ്ങുന്നത്.

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഐപിഎല്ലിൽ റിഷഭ് പന്തിനെ ബാധിച്ചെന്ന ആക്ഷേപങ്ങള്‍ ഉള്ളപ്പോഴാണ് ദേശീയ ടീം നായകപദവിയിൽ എത്തുന്നത്. 2017 ഫെബ്രുവരിയിൽ രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റം നടത്തിയ പന്ത് 43 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഡൽഹി ക്യാപ്പിറ്റല്‍സിനെ 30 ട്വന്‍റി 20യിൽ നയിച്ച റിഷഭ് പന്തിൽ 17ൽ വിജയിച്ചിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പന്തിന്‍റെ പിഴവുകള്‍ ഡൽഹിയുടെ പരാജയത്തിന് വഴിയൊരുക്കിയെന്ന ആക്ഷേപം ശക്തമായിരുന്നു. മറ്റ് മുതിര്‍ന്ന താരങ്ങള്‍ ഇല്ലാത്തതിൽ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയുടെ നിയമനം വേഗത്തിലായി. ഐപിഎല്ലില്‍ കിരീടം നേടിയ ഗുജറാത്ത് ടീമിനെ നയിച്ച പാണ്ഡ്യ നെറ്റ്സിൽ ബൗളിംഗിലും സജീവമായിരുന്നു.

ഐപിഎല്ലില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണില്ലാതെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്ക് ടീം ഇന്ത്യ ഇന്ന് തുടക്കമിടുകയാണ്. ദില്ലിയിൽ രാത്രി 7 മണിക്കാണ് മത്സരം തുടങ്ങുക. പരിക്കേറ്റ കെ എൽ രാഹുലിന് പകരം റിഷഭ് പന്താണ് ടീമിനെ നയിക്കുക. കുൽദീപ് യാദവും പരമ്പരയിൽ കളിക്കില്ല. രാഹുലിന് പകരം റുതുരാജ് ഗെയ്‌‌ക്‌വാദ്, ഇഷാൻ കിഷനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. റിഷഭ് പന്ത്, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ എന്നിവരിലും പ്രതീക്ഷ. പേസ് സെൻസേഷൻ ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം ലഭിച്ചേക്കാം. അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരും ടീമിലിടം കിട്ടാൻ മത്സരിക്കുന്നു. ഫിനിഷറായി ദിനേശ് കാർത്തിക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്.

ട്വന്‍റി 20യിൽ 12 തുടർ വിജയങ്ങളുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെയിറങ്ങുന്നത്. നേർക്കുനേർ പോരിൽ മുൻതൂക്കം ഇന്ത്യക്കാണ്. 15 കളിയിൽ 9ൽ ഇന്ത്യയും ആറിൽ ദക്ഷിണാഫ്രിക്കയും ജയിച്ചു. 

ഓസ്‌ട്രേലിയ സഞ്ജുവിന് പറ്റിയ ഇടം, ലോകകപ്പ് ടീമില്‍ വേണം; മലയാളിതാരത്തിനായി കളത്തിലിറങ്ങി രവി ശാസ്‌ത്രി