മത്സരത്തില്‍ ആവേശം കൂട്ടാന്‍ ഒരുപിടി താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് അരികെയാണ്
റാഞ്ചി: പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കണം, പ്രതീക്ഷ കൈവിടാതിരിക്കാന്‍ ഇന്ത്യക്കും. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കുമ്പോള്‍ ഇരു ടീമും വലിയ പ്രതീക്ഷയിലാണ്. ആദ്യ ഏകദിനത്തിലെ പോലെ ത്രസിപ്പിക്കുന്ന മത്സരം ഇന്ന് പ്രതീക്ഷിക്കുമ്പോള്‍ ആവേശം കൂട്ടാന്‍ ഒരുപിടി താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് അരികെയുമാണ്.
ഇന്ന് കളത്തിലിറങ്ങുന്നതോടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമ രാജ്യാന്തര ക്രിക്കറ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഇന്ന് രണ്ട് വിക്കറ്റ് നേടിയാല്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് എല്ലാ ഫോര്‍മാറ്റിലുമായി 100 വിക്കറ്റുകളാകും. 98 വിക്കറ്റാണ് താരത്തിന്‍റെ പേരിനൊപ്പം നിലവിലുള്ളത്. 82 റണ്‍സ് കൂടി നേടിയാല്‍ ജെന്നിമന്‍ മാലന് 1000 ഏകദിന റണ്‍സുകളാവും. അതേസമയം പ്രോട്ടീസ് പേസര്‍ വെയ്‌ന്‍ പാര്‍നല്‍ 100 ഏകദിന വിക്കറ്റുകള്‍ക്ക് നാലെണ്ണം മാത്രം അകലെയാണ്. മത്സരത്തില്‍ ഏറ്റവും സവിശേഷമായ നേട്ടത്തിനരികെയുള്ളത് ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയാണ്. അഞ്ച് പേരെ പുറത്താക്കിയാല്‍ റബാഡയ്ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ 450 വിക്കറ്റ് പൂര്‍ത്തിയാക്കാം. 445 വിക്കറ്റാണ് റബാഡയ്ക്കുള്ളത്.
റാഞ്ചിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ആരംഭിക്കുക. ഒരു മണിക്ക് ടോസ് വീഴും. ലഖ്‌നൗ വേദിയായ ആദ്യ ഏകദിനം 9 റണ്‍സിന് തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്. 63 പന്തിൽ 86* റണ്‍സുമായി സഞ്ജു സാംസണിന്‍റെ പോരാട്ടവും ഇന്ത്യയെ വിജയത്തിലെത്തിച്ചില്ല. ലഖ്‌നൗവില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ക്യാപ്റ്റൻ ശിഖര്‍ ധവാൻ, ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ തുടങ്ങിയവര്‍ ഫോമിലെത്തും എന്നാണ് ഏവരുടേയും പ്രതീക്ഷ.
