Asianet News MalayalamAsianet News Malayalam

അടിയെന്നൊക്കെ പറഞ്ഞാല്‍ നല്ല ഗുവാഹത്തി അടി, മൂന്ന് വിക്കറ്റിന് 237 റണ്‍സ്! ഇന്ത്യന്‍ ടീമിന് റെക്കോര്‍ഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 ചരിത്രത്തില്‍ ഏതൊരു ടീമിന്‍റേയും ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ഇന്ത്യ ഗുവാഹത്തിയില്‍ നേടിയത് 

IND vs SA 2nd T20I 237 runs for three wickets Team India sets record for highest total vs South Africa in T20Is
Author
First Published Oct 2, 2022, 9:13 PM IST

ഗുവാഹത്തി: ബാറ്റെടുത്തവരെല്ലാം അടിയോടടി, ഗാലറിയുടെ തലങ്ങുംവിലങ്ങും സിക്‌സുകളും ഫോറുകളും. ഒടുവില്‍ സ്കോര്‍ ബോര്‍ഡില്‍ നോക്കുമ്പോള്‍ 20 ഓവറില്‍ 237/3. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഹിമാലയന്‍ സ്കോര്‍ ഇന്ത്യന്‍ ടീം പടുത്തുയര്‍ത്തിയപ്പോള്‍ അത് ടി20 ചരിത്രത്തിലെ പുത്തന്‍ റെക്കോര്‍ഡായി. ഗുവാഹത്തിയില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 237 റണ്‍സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 ചരിത്രത്തില്‍ ഏതൊരു ടീമിന്‍റേയും ഏറ്റവും ഉയര്‍ന്ന ടോട്ടലാണ്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2015ല്‍ ജൊഹന്നസ്‌ബര്‍ഗില്‍ വെസ്റ്റ് ഇന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 236 റണ്‍സിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 2022ല്‍ ബ്രിസ്റ്റോളില്‍ ഇംഗ്ലണ്ട് ആറ് തന്നെ വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സ് നേടിയതാണ് റെക്കോര്‍ഡ് ബുക്കില്‍ മൂന്നാം സ്ഥാനത്ത്. 

ഗുവാഹത്തിയില്‍ കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും തുടക്കമിട്ട ബാറ്റിംഗ് വെടിക്കെട്ട് സൂര്യകുമാര്‍ യാദവും വിരാട് കോലിയും ആളിക്കത്തിക്കുകയും ഏറ്റവുമൊടുവില്‍ ദിനേശ് കാര്‍ത്തിക് ഫിനിഷ് ചെയ്യുകയും ചെയ്‌തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ഹിമാലയന്‍ സ്കോറിലെത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 237 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. കെ എല്‍ രാഹുല്‍(28 പന്തില്‍ 57), രോഹിത് ശര്‍മ്മ(37 പന്തില്‍ 43), സൂര്യകുമാര്‍ യാദവ്(22 പന്തില്‍ 61), വിരാട് കോലി(28 പന്തില്‍ 49*), ഡികെ(7 പന്തില്‍ 17*) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍. 

കെ എല്‍ രാഹുല്‍ 24 പന്തിലും സൂര്യകുമാര്‍ യാദവ് 18 പന്തിലും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. പ്രോട്ടീസ് ബൗളര്‍മാരില്‍ നാല് ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ കേശവ് മഹാരാജ് ഒഴികെയുള്ളവരെല്ലാം അടിവാങ്ങി വലഞ്ഞു. നാല് ഓവറില്‍ കാഗിസോ റബാഡ 57 ഉം വെയ്‌ന്‍ പാര്‍നല്‍ 54 ഉം ലിങ്കി എന്‍ഗിഡി 49 ഉം ആന്‍‌റിച് നോര്‍ക്യ മൂന്ന് ഓവറില്‍ 41 ഉം റണ്‍സ് വഴങ്ങി. അവസാന 5 ഓവറില്‍ 82 റണ്‍സ് ഇന്ത്യ അടിച്ചുകൂട്ടി. 

രാഹുലും രോഹിത്തും തിരികൊളുത്തി, സൂര്യയും കോലിയും ഡികെയും കത്തിച്ചു; ഇന്ത്യക്ക് 237 റണ്‍സ്!


 

Follow Us:
Download App:
  • android
  • ios