ഇന്ന് 36 റണ്‍സ് നേടിയാല്‍ രാജ്യാന്തര ടി20യില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാം പ്രോട്ടീസ് ബാറ്ററായി മാറും ക്വിന്‍റണ്‍ ഡികോക്ക്

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരുമോ എന്ന് ഇന്നറിയാം. ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കുന്നത്. ഗുവാഹത്തിയിലെ രണ്ടാം ടി20യില്‍ ഇന്ത്യയുടെ റണ്‍മലയ്ക്ക് അടുത്തെത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. ടീമിനെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും ഗുവാഹത്തിയില്‍ അര്‍ധ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിനെ കാത്തിരിപ്പുണ്ട് ഇന്ന് ഒരു നാഴികക്കല്ല്. 

ഇന്ന് 36 റണ്‍സ് നേടിയാല്‍ രാജ്യാന്തര ടി20യില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാം പ്രോട്ടീസ് ബാറ്ററായി മാറും ക്വിന്‍റണ്‍ ഡികോക്ക്. ഗുവാഹത്തിയിലെ രണ്ടാമത്തെ മത്സരത്തില്‍ 2000 റണ്‍സ് ക്ലബിലെത്തിയ വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലറാണ് ആദ്യ ദക്ഷിണാഫ്രിക്കന്‍ താരം. 

അവസാന മത്സരത്തില്‍ ഇന്ത്യയുടെ 237 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 221 റണ്‍സിലെത്തിയിരുന്നു. മില്ലര്‍ 47 പന്തില്‍ പുറത്താകാതെ 106 റണ്‍സെടുത്തപ്പോള്‍ ക്വിന്‍റണ്‍ ഡികോക്ക് 48 ബോളില്‍ 69 റണ്‍സുമായും പുറത്താകാതെ നിന്നിരുന്നു. മത്സരം 16 റണ്‍സിന് വിജയിച്ച് ഇന്ത്യ പരമ്പര 2-0ന് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയില്‍ വച്ച് നീലപ്പട ഇതാദ്യമായാണ് ടി20 പരമ്പര നേടുന്നത്. 

ഇന്‍ഡോറില്‍ ഇന്ന് വൈകിട്ട് ഏഴിനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 നടക്കുന്നത്. ലോകകപ്പ് മുന്‍നിര്‍ത്തി വിരാട് കോലിക്കും കെ എല്‍ രാഹുലിനും ഇന്ന് വിശ്രമം നല്‍കിയേക്കും. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം മണ്ണില്‍ ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്‍ഡോറില്‍ ഇറങ്ങുന്നത്. പരമ്പര തൂത്തുവാരി ലോകകപ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മ്മയും സംഘവും. ഡെത്ത് ഓവറില്‍ അടിവാങ്ങുന്ന പ്രശ്‌നം ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പരിഹരിക്കേണ്ടതുണ്ട്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും; പന്ത് ഓപ്പണറായേക്കും- സാധ്യതാ ഇലവന്‍