പൂണെ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പൂണെ ക്രിക്കറ്റ് ടെസ്റ്റിൽ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പിന്നാലെ നായകന്‍ വിരാട് കോലിക്കും സെഞ്ചുറി. 173 പന്തിലാണ് കോലി 26-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. 273-3 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കൂടുതല്‍ വിക്കറ്റുകള്‍ നഷ്‌ടപ്പെടാതെ 345 റണ്‍സെന്ന നിലയിലാണ്. കോലിക്കൊപ്പം അജിങ്ക്യ രഹാനെയാണ്(50*) ക്രീസില്‍. 

വിരാട് കോലി 63 റൺസുമായും അജിങ്ക്യ രഹാനെ 18 റണ്‍സുമായുമാണ് ഇന്ന് ബാറ്റിംഗ് തുടങ്ങിയത്. ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കാണ് നീങ്ങുന്നത്. 

വീണ്ടും മിന്നലായി മായങ്ക്, ആദ്യ ദിനം ഇന്ത്യയുടേത്

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ ആണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. അഗര്‍വാള്‍ 195 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സുകളും സഹിതം 108 റണ്‍സെടുത്തു. ടെസ്റ്റ് കരിയറില്‍ മായങ്കിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. ചേതേശ്വര്‍ പൂജാര(58), രോഹിത് ശര്‍മ്മ(14) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്‌മാന്‍മാര്‍. മൂന്ന് വിക്കറ്റും വീഴ്ത്തിയത് പേസര്‍ കാഗിസോ റബാഡയാണ്.