രോഹിത് ശർമ്മ, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ സ്ഥിരം താരങ്ങള്‍ തിരിച്ചെത്തിയാലും സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കുക ഇനി സാധ്യമല്ല

ദില്ലി: ഒടുവില്‍ ആ കാലം വന്നെത്തി, ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ കസേര ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു! 2022ലെ, ഏറ്റവുമൊടുവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ടവർ ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. സഞ്ജുവിന്‍റെ ആക്രമണോത്സുകതയെ വിമർശിച്ചവർക്ക്, സ്ഥിരതയില്ലായ്മയെ പഴിച്ചവർക്ക് എല്ലാം മറുപടിയെന്നോളം അയാള്‍ ബാറ്റ് കൊണ്ട് ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിലേക്ക് സിക്സറടിച്ചുകയറുകയാണ്. 

സഞ്ജു സാംസണിന്‍റെ കരിയറിലെ ഏറ്റവും മികച്ച വർഷമാണ് 2022. നായകനായി രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച ഐപിഎല്‍ 15-ാം സീസണിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിലും സിംബാബ്‍വെയിലും ടാലന്‍ഡ് കാട്ടിയ സഞ്ജു ഇപ്പോള്‍ ഇന്ത്യയിലും തന്‍റെ സ്വപ്ന ഫോം തുടർന്നിരിക്കെയാണ്. ന്യൂസിലന്‍ഡ് എയ്ക്കെതിരായ ഏകദിന പരമ്പരയില്‍ റണ്‍വേട്ടയുമായി കളംനിറഞ്ഞ സഞ്ജു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും റണ്ണൊഴുക്കി. 

ലഖ്നൗവിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വെറും 9 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ സഞ്ജു 63 പന്തില്‍ 86* റണ്‍സുമായി പുറത്താകാതെ നിന്നു. ലഖ്നൗ ഏകദിനത്തില്‍ 51-4 എന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തില്‍ നില്‍ക്കേ ക്രീസിലെത്തിയ സഞ്ജു ടീമിനെ നിശ്ചിത 40 ഓവറില്‍ 240-8 എന്ന നില വരെ എത്തിക്കുകയായിരുന്നു. സഞ്ജുവിന്‍റെ ഏകദിന കരിയറിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. ഇതുതന്നെയാണ് താരത്തിന്‍റെ പരമ്പരയിലെ മികച്ച ഇന്നിംഗ്സും. 

റാഞ്ചിയിലെ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റ് ജയവുമായി ഇന്ത്യ തിരിച്ചെത്തിയപ്പോള്‍ സഞ്ജു 36 പന്തില്‍ 30* റണ്ണെടുത്ത് ക്രീസിലുണ്ടായിരുന്നു. ദില്ലിയിലെ അവസാന ഏകദിനത്തില്‍ ഏഴ് വിക്കറ്റ് ജയവുമായി ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയപ്പോഴും സഞ്ജു നോട്ടൗട്ടായിരുന്നു. നാല് പന്തില്‍ 2* റണ്‍സുമായാണ് സഞ്ജു പുറത്താവാതെ നിന്നത്. 

ദക്ഷിണാഫ്രിക്കയുടെ ഒന്നാം നമ്പർ ടീമിനെതിരെയാണ് സഞ്ജു സാംസണിന്‍റെ ഈ ശ്രദ്ധേയ പ്രകടനങ്ങള്‍. സ്ഥിരയില്ലായ്മ, വിക്കറ്റ് വലിച്ചെറിയല്‍, അവസരങ്ങള്‍ കളഞ്ഞുകുളിക്കല്‍ തുടങ്ങി ഇതുവരെ കേട്ട എല്ലാ പഴികളും സഞ്ജു ഒരൊറ്റ പരമ്പര കൊണ്ട് തുടച്ചുമാറ്റിയിരിക്കുകയാണ്. സെന്‍സിബിള്‍ സഞ്ജു മാത്രമല്ല, ഫിനിഷർ സഞ്ജു കൂടിയായി പരമ്പരയില്‍ മലയാളി താരം. മൂന്ന് മത്സരങ്ങളിലും ഫിനിഷറുടെ റോളില്‍, കൃത്യസമയത്താണ് സഞ്ജു ക്രീസിലെത്തിയത് എന്നതും ശ്രദ്ധേയം. പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും പുറത്താകാതെ നിന്ന ഏക ഇന്ത്യന്‍ ബാറ്റർ സഞ്ജുവാണ്. 

രോഹിത് ശർമ്മ, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ സ്ഥിരം താരങ്ങള്‍ തിരിച്ചെത്തിയാലും സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കുക ഇനി സാധ്യമല്ല. ഫോം തുടർന്നാല്‍ അടുത്ത വർഷം നടക്കുന്ന ലോകകപ്പില്‍ മലയാളി സാന്നിധ്യമായി സഞ്ജു ക്രീസിലുണ്ടായേക്കാം. ടീമിലെ ഫിനിഷർ റോളിലാണ് തന്നെ പരീക്ഷിക്കുന്നതെന്ന താരത്തിന്‍റെ വാക്കുകളും ശ്രദ്ധേയമാണ്. മുമ്പ് ടോപ് ഓർഡർ ബാറ്ററായിരുന്നെങ്കില്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ അഞ്ച്, ആറ് നമ്പറുകളില്‍ തിളങ്ങുകയാണ് സഞ്ജു. 

12 വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ ഏകദിന പരമ്പര, ഒപ്പം ലോകറെക്കോര്‍ഡും അടിച്ചെടുത്ത് ഇന്ത്യ