ഏഴ് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴമൂലം 7.50നാണ് ആരംഭിച്ചത്
ബെംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20യില്‍(IND vs SA 5th T20I) വീണ്ടും രസകൊല്ലിയായി മഴ. തുടക്കത്തിലെ മഴമൂലം വൈകിയാരംഭിച്ച മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 3.3 ഓവറില്‍ 28-2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും മഴയെത്തിയത്. മഴയ്ക്ക് മുമ്പ് ഓപ്പണർമാരായ ഇഷാന്‍ കിഷനെയും(Ishan Kishan) റുതുരാജ് ഗെയ്ക്വാദിനെയും(Ruturaj Gaikwad) പുറത്താക്കി മേധാവിത്വം നേടിയിട്ടുണ്ട് സന്ദർശകർ. റിഷഭ് പന്തും(1*) ശ്രേയസ് അയ്യരുമാണ്(0*) ക്രീസില്‍.
ഏഴ് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴമൂലം 7.50നാണ് ആരംഭിച്ചത്. മത്സരം ഇരു ടീമിനും 19 ഓവർ വീതമായി ചുരുക്കുകയും ചെയ്തു. ഫൈനലിന് സമാനമായ അഞ്ചാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഓവറില്‍ കേശവ് മഹാരാജിനെ തുടർച്ചയായി രണ്ട് സിക്സറിന് പറത്തിയാണ് ഇഷാന്‍ കിഷന്‍ തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ എന്‍ഗിഡി സ്ലോ ബോളില്‍ ഇഷാനെ(7 പന്തില്‍ 15) ബൌള്‍ഡാക്കി. നാലാം ഓവറില്‍ പന്തെടുത്തപ്പോള്‍ റുതുരാജ് ഗെയ്ക്വാദിനെയും(12 പന്തില്‍ 10) എന്‍ഗിഡി പുറത്താക്കി. ഇന്ത്യ 3.3 ഓവറില്‍ 28-2 എന്ന നിലയിലുള്ളപ്പോഴാണ് വീണ്ടും മഴയെത്തിയത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങള്‍ പ്രോട്ടീസിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. സ്ഥിരം നായകന്‍ തെംബാ ബാവുമ ഇന്ന് കളിക്കുന്നില്ല. തബ്രൈസ് ഷംസി, മാർക്കോ യാന്‍സന്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ട്രിസ്റ്റണ്‍ സ്റ്റബ്സ്, റീസാ ഹെന്‍ഡ്രിക്സ്, കാഗിസോ റബാഡ എന്നിവർ ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല.
ഇന്ത്യ: റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യർ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ/ക്യാപ്റ്റന്‍), ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേല്‍, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍.
ദക്ഷിണാഫ്രിക്ക: ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പർ), റീസാ ഹെന്‍ഡ്രിക്സ്, റാസ്സീ വാന്‍ഡർ ഡസ്സന്‍, ഡേവിഡ് മില്ലർ, ഹെന്‍റിച്ച് ക്ലാസന്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ്(ക്യാപ്റ്റന്‍), ലുങ്കി എന്‍ഗിഡി, ആന്‍റിച്ച് നോർക്യ.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര വിജയികളെ ഇന്നറിയാം. ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിക്കുകയാണ് നിലവില്‍. ആദ്യ രണ്ട് കളിയും തോറ്റതിന് ശേഷം രാജ്യാന്തര ടി 20 പരമ്പര നേടുന്ന ആദ്യ നായകനെന്ന ചരിത്ര നേട്ടം നായകന്‍ റിഷഭ് പന്തിനെ ഇന്ന് കാത്തിരിക്കുന്നു. മഴമൂലം മത്സരം നടക്കാതിരുന്നാല്‍ പരമ്പര വിജയികള്‍ക്കുള്ള പേടിഎം ട്രോഫി ഇരു ടീമുകളും പങ്കിടും.
IND vs SA : ചിന്നസ്വാമിയില്‍ മഴമാറി; സമയം പുതുക്കി നിശ്ചയിച്ചു, ഓവർ കണക്കിലും മാറ്റം
