അടുത്തിടെ കേരള ക്രിക്കറ്റ് കേട്ട വലിയ സന്തോഷവാര്‍ത്തകളിലൊന്നാണ് സഞ‌്ജു സാംസണെ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ക്ഷണിച്ചത്

ദില്ലി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന ടീമിലേക്ക് സഞ്ജു സാംസണെ ബിസിസിഐ ഇന്നലെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സഞ്ജുവിന്‍റെ ആരാധകര്‍ അത്രകണ്ട് ഹാപ്പിയല്ല ഈ തീരുമാനത്തില്‍. ബിസിസിഐ കുതന്ത്രപൂര്‍വമാണ് സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ വിമര്‍ശനം. 

അടുത്തിടെ കേരള ക്രിക്കറ്റ് കേട്ട വലിയ സന്തോഷവാര്‍ത്തകളിലൊന്നാണ് സഞ‌്ജു സാംസണെ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ക്ഷണിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് മലയാളി വിക്കറ്റ് കീപ്പറെ ഉൾപ്പെടുത്തിയത്. എന്നാല്‍ ഒരുതരത്തില്‍ ഇത് സന്തോഷമെങ്കിലും മറുവശത്ത് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിനോട് അനീതി തുടരുന്നു എന്നാണ് ആരാധകരുടെ വിമര്‍ശനം. ഏകദിന ലോകകപ്പ് വര്‍ഷത്തിൽ ട്വന്‍റി 20 ടീമിലെത്തിയ സഞ്ജു സാംസണെ ടി20 ലോകകപ്പ് വരാനിരിക്കെ ഏകദിന സ്‌ക്വാഡില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയത് താരത്തോടുള്ള അവഗണന തുടരുന്നതിന്‍റെ സൂചനയായി ആരാധകര്‍ കാണുന്നു. ട്വന്‍റി 20 ലോകകപ്പ് 2024ല്‍ നടക്കാനിരിക്കേ സഞ്ജുവിനെ ടി20 ടീമിലേക്ക് മടക്കിവിളിക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഈ സ്വപ്‌നമെല്ലാം ബിസിസിഐ തീരുമാനത്തോടെ തകിടംമറിഞ്ഞു. ആരാധകരുടെ ചില പ്രതികരണങ്ങള്‍ നോക്കാം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്‍ ടീം ഇന്ത്യക്കായി ഇതുവരെ 13 ഏകദിനങ്ങളും 24 ടി20കളുമാണ് കളിച്ചിട്ടുള്ളത്. 2021 ജൂലൈയില്‍ ഏകദിന അരങ്ങേറ്റം കുറിച്ച ശേഷം പതിമൂന്ന് മത്സരങ്ങളില്‍ 55.71 ശരാശരിയില്‍ 390 റണ്‍സുമായി മികച്ച റെക്കോര്‍ഡുള്ളത് സഞ്ജുവിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്കുള്ള സെലക്ഷനില്‍ അനുകൂല ഘടകമായി. അതേസമയം 2015 ജൂലൈയില്‍ ആദ്യ രാജ്യാന്തര ടി20 കളിച്ചെങ്കിലും മികച്ച സ്ട്രൈക്ക് റേറ്റുണ്ടായിട്ടും (137.19) സ്ഥിരതയില്ലായ്‌മ കുട്ടിക്രിക്കറ്റില്‍ മലയാളി താരത്തിന് തിരിച്ചടിയായി. 19.33 മാത്രമാണ് രാജ്യാന്തര ടി20യില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് ശരാശരി. 

ഡിസംബര്‍ പത്തിനാണ് മൂന്ന് വീതം ട്വന്‍റി 20യും ഏകദിനങ്ങളും രണ്ട് ടെസ്റ്റുമടങ്ങുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തുടക്കമാവുക. ഏകദിന മത്സരങ്ങളില്‍ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more: റായ്‌പൂരില്‍ റണ്‍മഴയ്‌ക്ക് പകരം മഴയോ? ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി20യില്‍ ആകാംക്ഷയായി കാലാവസ്ഥ