ഇതിഹാസ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വാക്കുകളാണ് ക്രിക്കറ്റർ എന്ന നിലയില്‍ തന്‍റെ ജീവിതം മാറ്റിമറിച്ചത് എന്ന് പാണ്ഡ്യ

രാജ്കോട്ട്: പരിക്കിന് ശേഷമുള്ള വിസ്മയ തിരിച്ചുവരവിനും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ(Gujarat Titans) കന്നി സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ചതിനും പിന്നാലെ ഇന്ത്യയുടെ ടി20 നായകപദവിയില്‍ എത്തിയിരിക്കുകയാണ് ഓള്‍റൌണ്ടർ ഹാർദിക് പാണ്ഡ്യ(Hardik Pandya). ഇതിഹാസ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ(MS Dhoni) വാക്കുകളാണ് ക്രിക്കറ്റർ എന്ന നിലയില്‍ തന്‍റെ ജീവിതം മാറ്റിമറിച്ചത് എന്ന് പാണ്ഡ്യ പറയുന്നു. 

'ഗുജറാത്ത് ടൈറ്റന്‍സിനായി പുറത്തെടുത്ത പ്രകടനം ടീം ഇന്ത്യക്കായും കാഴ്ചവെക്കാനാണ് ശ്രമം. എന്‍റെ തുടക്ക ദിനങ്ങളില്‍ മഹി ഭായ് ഒരു കാര്യം പഠിപ്പിച്ചിരുന്നു. സമ്മർദങ്ങളെ എങ്ങനെ അതിജീവിക്കുന്ന എന്ന ലളിതമായ ചോദ്യമാണ് ഞാന്‍ ചോദിച്ചത്. അദേഹം എനിക്ക് ചെറിയൊരു ഉപദേശം തന്നു. നിങ്ങളുടെ സ്കോർ എത്രയാണ് എന്ന് ചിന്തിക്കാതെ എന്താണ് ടീമിന് ആവശ്യം എന്ന് ആലോചിക്കുക എന്നായിരുന്നു അദേഹത്തിന്‍റെ മറുപടി. ഈ ഉപദേശം കരിയറില്‍ സഹായകമായി. സാഹചര്യത്തിനനുസരിച്ചാണ് ഞാന്‍ കളിക്കുന്നത്' എന്നും രാജ്കോട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ടി20ക്ക് ശേഷം ദിനേശ് കാർത്തിക്കുമായുള്ള സംഭാഷണത്തിനിടെ ഹാർദിക് പാണ്ഡ്യ പറഞ്ഞു.

പാണ്ഡ്യക്ക് തിളക്കം

രാജ്കോട്ടില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-2ന് ഒപ്പമെത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 16.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ പിന്നീട് ബാറ്റ് ചെയ്യാനിറങ്ങിയില്ല. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 18 റണ്‍സിന് നാലു വിക്കറ്റെടുത്ത ആവേശ് ഖാന്‍റഎ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തളച്ചത്. യുസ്‍വേന്ദ്ര ചാഹല്‍ രണ്ടും ഹർഷല്‍ പട്ടേലും അക്സർ പട്ടേലും ഓരോ വിക്കറ്റും നേടി. 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. ഐപിഎല്‍ മികവ് ആവർത്തിച്ച ഡികെയുടെ മികവിലാണ് ഇന്ത്യ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോറിലെത്തിയത്. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സെടുത്തു. നായകന്‍ റിഷഭ് പന്ത് 17 റണ്‍സില്‍ പുറത്തായി. ഓപ്പണർ ഇഷാന്‍ കിഷന്‍ 27 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി രണ്ടും മാർക്കോ യാന്‍സനും ഡ്വെയ്ന്‍ പ്രിറ്റോറിയസും ആന്‍റിച്ച് നോർക്യയും കേശവ് മഹാരാജും ഓരോ വിക്കറ്റുമെടുത്തു.

ദിനേശ് കാർത്തിക് ടി20 ലോകകപ്പ് കളിക്കുമെന്ന് ഡെയ്ല്‍ സ്റ്റെയ്ന്‍; റിഷഭ് പന്തിന് കടുത്ത ശാസന