വളരെ പ്രത്യേകതയുള്ള ഒരു കളിക്കാരനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. വാഷിംഗ്ടണ്‍ സുന്ദറിനെക്കുറിച്ച്. അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല. അദ്ദേഹത്തിന് പകരം സെലക്ടര്‍മാര്‍ രാഹുല്‍ ചാഹറിനെയും ജയന്ത് യാദവിനെയുമൊക്കെ ടീമിലെടുക്കുന്നു. രാഹുല്‍ ചാഹറിന് പരിക്കു പറ്റി പുറത്തായി. പക്ഷെ അപ്പോഴും വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പേര് ആരും പറയുന്നില്ല.

ദില്ലി: ഐപിഎല്ലിലെ മെഗാ താരലേലത്തിന്(IPL Mega Auction) ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ യുവതാരത്തെ ഇന്ത്യന്‍ സെലക്ടര്‍മാരും ഐപിഎല്‍ ടീമും തഴഞ്ഞതില്‍ നിരാശ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര(Aakash Chopra). ഐപിഎല്ലില്‍(IPL) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ(RCB) താരവും ഇന്ത്യന്‍ താരവുമായ വാഷിംഗ്ടണ്‍ സുന്ദറിനെക്കുറിച്ച്(Washington Sundar) ഇപ്പോള്‍ ആരും ഒന്നും പറയുന്നില്ലെന്നും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള(IND vs SA) ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് നിരാശാജനകമാണെന്നും ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

വളരെ പ്രത്യേകതയുള്ള ഒരു കളിക്കാരനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. വാഷിംഗ്ടണ്‍ സുന്ദറിനെക്കുറിച്ച്. അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല. അദ്ദേഹത്തിന് പകരം സെലക്ടര്‍മാര്‍ രാഹുല്‍ ചാഹറിനെയും ജയന്ത് യാദവിനെയുമൊക്കെ ടീമിലെടുക്കുന്നു. രാഹുല്‍ ചാഹറിന് പരിക്കു പറ്റി പുറത്തായി. പക്ഷെ അപ്പോഴും വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പേര് ആരും പറയുന്നില്ല.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാബയില്‍ ഇന്ത്യ ഐതിഹാസിക വിജയം നേടിയത് റിഷഭ് പന്തിന്‍റെയും ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെയും മാത്രം ബാറ്റിംഗ് മികവു കൊണ്ടല്ല. സുന്ദറിന്‍റെ ബാറ്റിംഗ് കൊണ്ട് കൂടിയാണ്. ഒട്ടേറെ റണ്‍സടിച്ച സുന്ദര്‍ വിക്കറ്റെടുക്കാനും മിടുക്കനാണ്.യുഎഇയില്‍ നടന്ന ഐപിഎല്ലിന്‍റെ രണ്ടാം പാദത്തില്‍ നിന്ന് പരിക്കിനെത്തുടര്‍ന്ന് വിട്ടു നില്‍ക്കേണ്ടിവന്ന അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ ആരും ഒന്നും പറയുന്നില്ല.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും പരിക്കുമൂലം കളിക്കാത്ത സാഹചര്യത്തില്‍ സുന്ദറിനെ ടീമിലെടുക്കണമായിരുന്നു. അത് ബാറ്റിംഗ് നിരക്ക് കൂടുതല്‍ ആഴം നല്‍കുമായിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂരും അദ്ദേഹത്തെ നിലനിര്‍ത്തിയില്ല. 4.40 ഇക്കോണമിയില്‍ 12 വിക്കറ്റ് വീഴ്ത്തി തിളങ്ങിയ അദ്ദേഹത്തെ ബാംഗ്ലൂരും കൈവിട്ടു. എന്നാല്‍ ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തില്‍ സുന്ദറിനെ വലിയ തുകക്ക് സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിക്കുമെന്നും ചോപ്ര പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികമായും അശ്വിന്‍ ടീമിലെത്തും. കാരണം സമീപകാലത്തായി അദ്ദേഹം മികച്ച ഫോമിലാണ്. എന്നാല്‍ ഏകദിനങ്ങളിലെങ്കിലും സുന്ദറിനെ ടീമിലെടുക്കണമെന്നും ചോപ്ര പറഞ്ഞു.