അര്‍ധസെഞ്ചുറിക്ക് പിന്നാലെ പതിനാലാം ഓവറില്‍ കിഷന്‍(35 പന്തില്‍ 54) മടങ്ങി. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കിയ അനാസ ക്യാച്ച് ഡേവിഡ്ഡ് മില്ലര്‍ നിലത്തിട്ടു. തൊട്ടുപിന്നാലെ പ്രിട്ടോറിയസിന്‍റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ അനായാസ ക്യാച്ച് വാന്‍ഡര്‍ ഡസ്സനും കൈവിട്ടു. എന്നാല്‍ അതേ ഓവറില്‍ റിഷഭ് പന്തിനെ(8 പന്തില്‍ 6) പുറത്താക്കി പ്രിട്ടോറിയസ് ഇന്ത്യയുടെ നടുവൊടിച്ചു.

വിശാഖപട്ടണം: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക്(India vs South Africa) 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ റതുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഇഷാന്‍ കിഷന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 35 പന്തില്‍ 57 റണ്‍സടിച്ച ഗെയ്‌ക്‌വാദാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷന്‍ 35 പന്തില്‍ 54 റണ്‍സടിച്ചു. ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസ് രണ്ട് വിക്കറ്റെടുത്തു.

തല പൊക്കി

ടോസിലെ നിര്‍ഭാഗ്യം ഇന്ത്യയെ ബാറ്റിംഗില്‍ ബാധിച്ചില്ല. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഇഷാന്‍ കിഷനും ഗെയ്‌ക്‌വാദും ചേര്‍ന്ന് ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം നല്‍കി. ആദ്യ രണ്ടോവറില്‍ 10 റണ്‍സ് മാത്രമടിച്ച ഗെയ്‌ക്‌വാദും കിഷനും മൂന്നാം ഓവറില്‍ റബാഡക്കെതിരെ 12 റണ്‍സടിച്ച് ടോപ് ഗിയറിലായി. അടുത്ത ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി പാര്‍ണല്‍ പിടിച്ചു നിര്‍ത്തിയെങ്കിലും ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി അഞ്ച് ബൗണ്ടറിയടിച്ച് വെടിക്കെട്ടിന് തിരികൊളുത്തി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സടിച്ചിരുന്നു.

സ്പിന്നര്‍മാരായ ടബ്രൈസ് ഷംസിയെയും കേശവ് മഹാരാജിനെയും തെരഞ്ഞെുപിടിച്ച് ശിക്ഷിച്ച ഗെയ്‌ക്‌വാദും കിഷനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 30 പന്തില്‍ ആദ്യ രാജ്യാന്തര ഫിഫ്റ്റി സ്വന്താക്കിയ ഗെയ്‌ക്‌വാദ് അര്‍ധസെഞ്ചുറിക്ക് പിന്നാലെ കേശവ് മഹാരാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നാലു ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഗെയ്ക്‌വാദിന്‍റെ ഇന്നിംഗ്സ്. ‌ഗെയ്‌ക്‌വാദ് പുറത്തായതിന് പിന്നാലെ ഇന്ത്യ 11-ാം ഓവറില്‍ 100 കടന്നു.

നടുവൊടിഞ്ഞു

31 പന്തില്‍ കിഷന്‍ അര്‍ധസെഞ്ചുറിയിലെത്തിയതിന് പിന്നാലെ ഷംസിയുടെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ നിന്ന് റിവ്യൂവിലൂടെ രക്ഷപ്പെട്ട ശ്രേയസ് അയ്യര്‍(14) അതേ ഓവറില്‍ നോര്‍ക്യക്ക് ക്യാച്ച് നല്‍കി പുറത്തായി. അര്‍ധസെഞ്ചുറിക്ക് പിന്നാലെ പതിനാലാം ഓവറില്‍ കിഷന്‍(35 പന്തില്‍ 54) മടങ്ങി. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കിയ അനാസ ക്യാച്ച് ഡേവിഡ്ഡ് മില്ലര്‍ നിലത്തിട്ടു. തൊട്ടുപിന്നാലെ പ്രിട്ടോറിയസിന്‍റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ അനായാസ ക്യാച്ച് വാന്‍ഡര്‍ ഡസ്സനും കൈവിട്ടു. എന്നാല്‍ അതേ ഓവറില്‍ റിഷഭ് പന്തിനെ(8 പന്തില്‍ 6) പുറത്താക്കി പ്രിട്ടോറിയസ് ഇന്ത്യയുടെ നടുവൊടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ദിനേശ് കാര്‍ത്തിക്കിനെ(6) പത്തൊമ്പതാം ഓവറില്‍ മടക്കി റബാഡ അവസാന പ്രതീക്ഷയും തകര്‍ത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ ടൈമിംഗില്ലാതെ പാടുപെട്ടപ്പോള്‍ 200 കടക്കുമെന്ന് തോന്നിച്ച ഇന്ത്യ റണ്‍സിലൊതുങ്ങി.

12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സിലെത്തിയ ഇന്ത്യ പിന്നീടുള്ള 48 പന്തില്‍ നാല് വിക്കറ്റ് നഷ്ടമാക്കി നേടിയത് 59 റണ്‍സ് മാത്രം. 21 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസ് നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം മത്സരം കളിച്ച ടീമില്‍ ദക്ഷിണാഫ്രിക്കയും മാറ്റങ്ങളൊന്നും വരുത്തിയില്ല. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 2-0ന് മുന്നിലാണ്. ഇന്ന് തോറ്റാല്‍ നാട്ടില്‍ തുടര്‍ച്ചയായി വിവിധ പോര്‍മാറ്റുകളില്‍ 16 പരമ്പര വിജയങ്ങളെന്ന റെക്കോര്‍ഡും ഇന്ത്യക്ക് നഷ്ടമാവും.