പൂണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യദിനം ചേതേശ്വര്‍ പൂജാരയെ പലകുറി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു പേസര്‍ കാഗിസോ റബാഡ. പൂജ്യത്തില്‍ നില്‍ക്കേ പൂജാരയുടെ ക്യാച്ച് പാഴാക്കിയതാണ് റബാഡയെ കലിപ്പിലാക്കിയത്. വ്യക്തിഗത സ്‌കോര്‍ 58ല്‍ നില്‍ക്കേ പൂജാരയെ ഡുപ്ലസിയുടെ കൈകളിലെത്തിച്ച് മടക്കിയതും റബാഡയാണ്.

എന്നാല്‍ വിക്കറ്റിന് പിന്നാലെ പൂജാരയെ സ്ലെഡ്‌ജ് ചെയ്‌തു റബാഡ. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ ശാന്തതയോടെ ആയിരുന്നു പൂജാരയുടെ മറുപടി. 'റബാഡ എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ല. എന്നാല്‍ ബാറ്റ്സ്‌മാനോട് എപ്പോഴും എന്തെങ്കിലും പറ‍യാന്‍ വെമ്പുന്ന താരമാണ് റബാഡ'യെന്നും പൂജാര പറഞ്ഞു.

'ഏകാഗ്രത നഷ്‌ടപ്പെടുത്താന്‍ എപ്പോഴും ശ്രമിക്കുന്ന താരമാണ് റബാഡ. റബാഡ മാത്രമല്ല, എല്ലാ ബൗളര്‍മാരും ഇതിനാണ് ശ്രമിക്കുന്നത്. അവരെന്താണ് പറയുന്നത് എന്ന് ശ്രദ്ധിക്കാതിരിക്കുകയാണ് നല്ലത്' എന്നും രണ്ടാം വന്‍മതില്‍ പറഞ്ഞു. പൂണെയില്‍ 112 പന്തില്‍ 58 റണ്‍സെടുത്ത ശേഷമാണ് റബാഡക്ക് വിക്കറ്റ് നല്‍കി ചേതേശ്വര്‍ പൂജാര പുറത്തായത്.