എതിരാളികളുടെ തന്ത്രങ്ങള്‍ക്കെതിരെ മറുപടിയില്ലാത്തതാണ് പന്തിനെ ദോഷകരമായി ബാധിക്കുന്നതെന്ന് ആകാശ് ചോപ്ര
ബെംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക(India vs South Africa) ടി20 പരമ്പര വിജയികളെ നിശ്ചയിക്കുന്ന അഞ്ചാം ടി20(IND vs SA 5th T20I) ഇന്ന് ബെംഗളൂരുവില്‍ നടക്കുകയാണ്. ഫൈനലിനോളം ആവേശമുള്ള മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് വലിയ ആശങ്കയാണ് നായകന്‍ റിഷഭ് പന്തിന്‍റെ(Rishabh Pant) ബാറ്റിംഗ് ഫോം. എതിരാളികളുടെ തന്ത്രങ്ങള്‍ക്കെതിരെ മറുപടിയില്ലാത്തതാണ് പന്തിനെ ദോഷകരമായി ബാധിക്കുന്നതെന്ന് മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര(Aakash Chopra) പറയുന്നു.
'ടി20 ഫോർമാറ്റില്‍ ഇന്ത്യയുടെ മികച്ച ബാറ്റർമാരെല്ലാം വിക്കറ്റ് കീപ്പർമാരാണ്. അതിനാല്‍ ഏറെ ശ്രദ്ധേയമാണ് ബാറ്റിംഗ് പൊസിഷനാണത്. തനിക്കെതിരെ നടപ്പാക്കുന്ന തന്ത്രങ്ങള്‍ക്ക് നല്‍കാന്‍ റിഷഭ് പന്തിന് മറുപടികളില്ല. അതാണ് വലിയ ചോദ്യം. ഓഫ് സ്റ്റംപിന് പുറത്ത് തുടർച്ചയായി പന്തെറിഞ്ഞ് പന്തിനെ കുടുക്കുകയാണ് എതിരാളികള്‍. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാണ്. സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് ടീമിലെങ്കിലും വിക്കറ്റ് കീപ്പറായ ദിനേശ് കാർത്തിക് മിന്നും ഫോമിലും. ഇഷാന്‍ കിഷനും ടീമിലുള്ളപ്പോള്‍ നാല് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകള്‍ ടീമിന് ലഭിക്കുകയാണ്. മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും രാഹുല്‍ ടീമിലേക്ക് മടങ്ങിയെത്തിയാല്‍ ഇഷാന്‍റെ അവസരം നഷ്ടപ്പെടും' എന്നും ചോപ്ര കൂട്ടിച്ചേർത്തു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര വിജയികളെ ഇന്നറിയാം. ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിക്കുകയാണ് നിലവില്‍. ആദ്യ രണ്ട് കളിയും തോറ്റതിന് ശേഷം രാജ്യാന്തര ടി 20 പരമ്പര നേടുന്ന ആദ്യ നായകനെന്ന ചരിത്ര നേട്ടം നായകന്‍ റിഷഭ് പന്തിനെ ഇന്ന് കാത്തിരിക്കുന്നു. മഴമൂലം മത്സരം നടക്കാതിരുന്നാല്‍ പരമ്പര വിജയികള്‍ക്കുള്ള പേടിഎം ട്രോഫി ഇരു ടീമുകളും പങ്കിടും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങളെവെച്ച് കരുത്തന്‍മാരായ ദക്ഷിണാഫ്രിക്കയുടെ മറികടന്നാല്‍ രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയാവാനുള്ള മത്സരത്തില്‍ കെ എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും മേല്‍ റിഷഭ് പന്തിന് മുന്‍തൂക്കം ലഭിക്കുമെന്നും കരുതുന്നവരുണ്ട്.
എന്നാല്‍ റിഷഭ് പന്തിന്‍റെ ബാറ്റിംഗ് ഫോം ടീമിന് ആശങ്കയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ബാറ്റിംഗില്‍ അമ്പേ പരാജയമാണ് റിഷഭ് പന്ത്. ആദ്യ ടി20യില്‍ 16 പന്തില്‍ 29 റണ്‍സെടുത്ത ശേഷം പന്തിന് മോശം കാലമാണ്. 5, 6, 17 എന്നിങ്ങനെയായിരുന്നു പിന്നീടുള്ള മത്സരങ്ങളിലെ സ്കോർ. ഒരേ രീതിയില്‍ പുറത്താകുന്നതാണ് റിഷഭ് നേരിടുന്ന വലിയ വെല്ലുവിളി.
ആ താരം പിന്തള്ളിക്കഴിഞ്ഞു, പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ റിഷഭ് പന്ത് കഷ്ടപ്പെടും: മുന്‍താരം
