ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര വിജയം ലക്ഷ്യമിട്ട് അഞ്ചാം മത്സരത്തില്‍ റിഷഭ് പന്തിന്‍റെ നായകത്വത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങും
ബെംഗളൂരു: നിലവിലെ ഇന്ത്യന്‍ ടി20 നായകനെങ്കിലും റിഷഭ് പന്തിന്‍റെ(Rishabh Pant) ഫോമിനെ ചൊല്ലി വിമർശനങ്ങള്‍ അതിശക്തമാണ്. പന്ത് ടി20 ലോകകപ്പ് ടീമിലിടം പിടിക്കില്ലെന്ന് ഇപ്പോഴേ ഉറപ്പിച്ചവരുണ്ട്. ഇന്ത്യന്‍ മുന്‍ ഓപ്പണർ വസീം ജാഫർ(Wasim Jaffer) പറയുന്നത് നിലവില്‍ ടി20 പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ പോലും പന്ത് പാടുപെടും എന്നാണ്.
'അടുത്ത ടി20 ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ദിനേശ് കാർത്തിക് സംശയമേതുമില്ലാതെ ഇടംപിടിക്കും. പരിക്ക് ഭേദമാകുമ്പോള്‍ കെ എല്‍ രാഹുലെത്തും. രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരും സ്വാഭാവികമായും ടീമിലെത്തും. അതിനാല്‍ പ്ലേയിംഗ് ഇലവനിലെത്താന്‍ റിഷഭ് പന്ത് പ്രയാസപ്പെടും. ഇപ്പോള്‍ റിഷഭ് പന്തിനെ ദിനേശ് കാർത്തിക് പിന്നിലാക്കിയിട്ടുണ്ട്. ഭാവിയിലെന്താകും എന്നറിയില്ല. എന്നാല്‍ നിലവില്‍ പന്തിനെ മറികടന്ന് ഡികെയെ ആരും തെരഞ്ഞെടുക്കും' എന്നും വസീം ജാഫർ ഇഎസ്‍പിഎന്‍ ക്രിക്ഇന്‍ഫോയില്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര വിജയം ലക്ഷ്യമിട്ട് അഞ്ചാം മത്സരത്തില്‍ റിഷഭ് പന്തിന്‍റെ നായകത്വത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ രണ്ടു കളിയും തോറ്റതിന് ശേഷം രാജ്യാന്തര ടി 20 പരമ്പര നേടുന്ന ആദ്യ നായകനെന്ന ചരിത്രനേട്ടമാണ് റിഷഭ് പന്തിനെ ഇന്ന് കാത്തിരിക്കുന്നത്. മഴമൂലം മത്സരം നടക്കാതിരുന്നാല്‍ പരമ്പര വിജയികള്‍ക്കുള്ള പേടിഎം ട്രോഫി ഇരു ടീമുകളും പങ്കിടും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങളെവെച്ച് കരുത്തന്‍മാരായ ദക്ഷിണാഫ്രിക്കയുടെ മറികടന്നാല്‍ രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയാവാനുള്ള മത്സരത്തിലും കെ എല്‍ രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യക്കും മേല്‍ റിഷഭ് പന്തിന് മുന്‍തൂക്കം ലഭിക്കുമെന്നും കരുതുന്നവരുണ്ട്.
പരമ്പരയില്‍ ബാറ്റിംഗില്‍ അമ്പേ പരാജയമാണ് റിഷഭ് പന്ത്. ആദ്യ ടി20യില്‍ 16 പന്തില്‍ 29 റണ്‍സെടുത്ത ശേഷം പന്തിന് മോശം കാലമാണ്. 5, 6, 17 എന്നിങ്ങനെയായിരുന്നു പിന്നീടുള്ള മത്സരങ്ങളിലെ സ്കോർ.
ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20, ആരാധകരെ നിരാശരാക്കി കാലവസ്ഥാ റിപ്പോര്‍ട്ട്
