കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എല്ലാവരും ടീമിനാശ്രയിക്കാവുന്ന നായകന്‍മാരാണെന്ന് സാബാ കരീം

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്(Team India) നിരവധി ക്യാപ്റ്റന്‍സി ഓപ്ഷനുകളുള്ളത് ഗുണകരമെന്ന് മുന്‍ സെലക്ടർ സാബാ കരീം(Saba Karim). ഇത് വിദേശ പരമ്പരകളില്‍ ടീമിന് പ്രയോജപ്പെടുമെന്നും അദേഹം പറഞ്ഞു. ഐപിഎല്ലില്‍(IPL 2022) ടീമിന്‍റെ കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയുടെ(Hardik Pandya) ക്യാപ്റ്റന്‍സിയെ സാബാ കരീം പ്രശംസിച്ചു. 

'കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എല്ലാവരും ടീമിനാശ്രയിക്കാവുന്ന നായകന്‍മാരാണ്. ഹാർദിക് പാണ്ഡ്യ ടീമിനെ നയിച്ച രീതിയിലെ കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ നിന്ന് മികച്ച റിപ്പോർട്ടാണ് ലഭിച്ചത്. ആഭ്യന്തര താരങ്ങളെ മാത്രമല്ല, വിദേശ താരങ്ങളേയും ഹാർദിക് പ്രചോദിപ്പിച്ചു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമാണ്. ഐപിഎല്‍ മികവാണ് ഹാർദിക് പാണ്ഡ്യയെ ഇന്ത്യ നായകനാക്കിയതിന് പ്രധാന കാരണം. അദേഹത്തിന് വലിയ അവസരമാണ്. ടീമിനെ മുന്നോട്ടുനയിക്കാനുള്ള കഴിവ് ഹാർദിക്കിനുണ്ട്. അദേഹം ഫിറ്റാണെന്നതും റണ്‍സ് കണ്ടെത്താന്‍ അതിയായി അഗ്രഹിക്കുന്നതും പന്തെറിയുന്നതും സന്തോഷകരമാണ്. ടി20 ലോകകപ്പിലും സമാന പ്രകടനം പ്രതീക്ഷിക്കുന്നതായും' സാബാ കരീം സോണി സ്പോർട്സില്‍ കൂട്ടിച്ചേർത്തു. 

വിരാട് കോലിയില്‍ നിന്ന് രോഹിത് ശർമ്മ ക്യാപ്റ്റന്‍സി ഏറ്റെടുത്തെങ്കിലും ഹിറ്റ്മാന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നു. രാഹുലിന് പരിക്കേറ്റതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. അതേസമയം അയർലന്‍ഡ് പര്യടനത്തില്‍ ഹാർദിക്കാണ് ടീം ഇന്ത്യയെ നയിക്കുക. രോഹിത് ശർമ്മ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീം ഇന്ത്യയെ നയിക്കും.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര വിജയികളെ നിശ്ചയിക്കുന്ന അഞ്ചാം ടി20 ഇന്ന് ബെംഗളൂരുവില്‍ നടക്കും. ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിക്കുകയാണ് നിലവില്‍. ആദ്യ രണ്ടു കളിയും തോറ്റതിന് ശേഷം രാജ്യാന്തര ടി 20 പരമ്പര നേടുന്ന ആദ്യ നായകനെന്ന ചരിത്ര നേട്ടം നായകന്‍ റിഷഭ് പന്തിനെ ഇന്ന് കാത്തിരിക്കുന്നു. മഴമൂലം മത്സരം നടക്കാതിരുന്നാല്‍ പരമ്പര വിജയികള്‍ക്കുള്ള പേടിഎം ട്രോഫി ഇരു ടീമുകളും പങ്കിടും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങളെവെച്ച് കരുത്തന്‍മാരായ ദക്ഷിണാഫ്രിക്കയുടെ മറികടന്നാല്‍ രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയാവാനുള്ള മത്സരത്തിലും കെ എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും മേല്‍ റിഷഭ് പന്തിന് മുന്‍തൂക്കം ലഭിക്കുമെന്നും കരുതുന്നവരുണ്ട്.

ആ താരം പിന്തള്ളിക്കഴിഞ്ഞു, പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ റിഷഭ് പന്ത് കഷ്ടപ്പെടും: മുന്‍താരം