ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍.
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിന്(IPL 2022) ശേഷം ഇന്ത്യയില്‍ അടുത്ത ക്രിക്കറ്റ് ആവേശത്തിന് കളമൊരുങ്ങുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20കളുടെ പരമ്പരയാണ്(IND vs SA T20Is) അടുത്തതായി നടക്കുന്നത്. പരമ്പരയ്‌ക്ക് മുമ്പ് ടീം ഇന്ത്യക്ക്(Team India) മുന്നറിയിപ്പ് നല്‍കുകയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമ(Temba Bavuma).
'താരങ്ങള്‍ ഫോമിലുള്ളത് ആശ്വാസമാണ്. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കിരീടം സ്വന്തമാക്കിയ ഡേവിഡ് മില്ലറെ പോലൊരു താരം ടീമിലേക്ക് ആത്മവിശ്വാസം കൊണ്ടുവരുന്നു. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മില്ലര്‍ വളരെ മികച്ച പ്രകടനം കാഴ്‌ചവെച്ചു. അത് അദേഹത്തിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മില്ലര്‍ ഇപ്പോഴും ടീമിലെ നിര്‍ണായക അംഗമാണ്. അദേഹത്തില്‍ വിശ്വസിക്കുന്നു. ഭാവിയിലും മികവ് തുടരും എന്നാണ് പ്രതീക്ഷ' എന്നും ബാവുമ ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് വ്യക്തമാക്കിയതായി ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു.
ഐപിഎല്ലില്‍ ഇത്തവണ റണ്‍വേട്ടക്കാരില്‍ ആറാമതെത്തിയിരുന്നു ദക്ഷിണാഫ്രിക്കന്‍ ഹിറ്റര്‍ ഡേവിഡ് മില്ലര്‍. 16 കളികളില്‍ 68.71 ശരാശരിയിലും 142.73 സ്‌ട്രൈക്ക് റേറ്റിലും 481 റണ്‍സ് നേടി. ഐപിഎല്ലിലെ ഒരു സീസണില്‍ മില്ലറുടെ ഉയര്‍ന്ന റണ്‍ സമ്പാദ്യമാണിത്. പുറത്താകാതെ നേടിയ 94* ആണ് ഉയര്‍ന്ന സ്‌കോര്‍. 32 ഫോറും 23 സിക്‌സും പേരിലാക്കി. സ്‌പിന്നിനെ മില്ലര്‍ നന്നായി കൈകാര്യം ചെയ്തു എന്നതാണ് ശ്രദ്ധേയം. 2016നും 2021നും ഇടയില്‍ 98.68 സ്‌ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് മാത്രമായിരുന്നു സ്‌പിന്നര്‍മാര്‍ക്കെതിരെ നേടിയത്. എന്നാല്‍ ഇക്കുറി 145.07 സ്‌ട്രൈക്ക് റേറ്റില്‍ 206 റണ്‍സ് പേരിലാക്കി.
ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. തെംബാ ബാവുമ നയിക്കുന്ന പ്രോട്ടീസ് ടീമില്‍ ഐപിഎല്ലില്‍ കളിച്ച ക്വിന്‍റണ്‍ ഡി കോക്ക്, ഏയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ആന്‍റിച്ച് നോര്‍ക്യ, കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സണ്‍, റാസി വാന്‍ഡര്‍ ഡസ്സന്‍, ട്രൈസ്റ്റന്‍ സ്റ്റബ്സ് എന്നിവരുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ട്രൈസ്റ്റന്‍ സ്റ്റബ്സ് ആണ് ടീമിലെ പുതുമുഖം. വെറ്ററന്‍ ഓള്‍റൗണ്ടര്‍ വെയ്ന്‍ പാര്‍നല്‍ ടീമിലെത്തിയതാണ് മറ്റൊരു സവിശേഷത. 2017ലെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ആദ്യമായാണ് പാര്‍നല്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി കളിക്കുന്നത്.
IND v SA: ഇന്ത്യക്കെതിരായ ടി20 പരമ്പര: ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, നോര്‍ക്യ തിരിച്ചെത്തി
