നാല്‍പതിനായിരം കാണികളെയാണ് ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാനാവുക

ഗുവാഹത്തി: ട്വന്‍റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന സീരിസും സ്വന്തമാക്കാന്‍ ശ്രീലങ്കയ്ക്കെതിരെ ടീം ഇന്ത്യ നാളെ മുതല്‍ ഇറങ്ങുകയാണ്. ഗുവാഹത്തിയില്‍ നാളെയാണ് ഇന്ത്യ-ലങ്ക ആദ്യ ഏകദിനം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. തെളിഞ്ഞ ആകാശമാണ് നാളെ പ്രവചിച്ചിരിക്കുന്നത്. മത്സരത്തിന് കാര്യമായ മഴ ഭീഷണിയൊന്നുമില്ല. വെതര്‍ ഡോട്‌ കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം വെറും ആറ് ശതമാനം മാത്രമാണ് മഴ സാധ്യത. ഗുവാഹത്തിയിലെ താപനില 26 ഡിഗ്രി സെല്‍ഷ്യസിനും 13 ഡിഗ്രിക്കും ഇടയിലായിരിക്കും.

നാല്‍പതിനായിരം കാണികളെയാണ് ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാനാവുക. ഇതുവരെ മൂന്ന് രാജ്യാന്തര ടി20കളും ഒരു ഏകദിനവും മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. ഉയര്‍ന്ന സ്കോര്‍ പ്രതീക്ഷിക്കാവുന്ന ബാറ്റിംഗ് ട്രാക്കാണ് ഗുവാഹത്തിയിലേത്. ഡ്യൂ ഫാക്‌ടര്‍ പ്രതീക്ഷിക്കാം. രണ്ടാം ഇന്നിംഗ്‌സില്‍ പിച്ച് ബാറ്റിംഗിന് അനുകൂലമാകും എന്നതിനാല്‍ ടോസ് നേടുന്ന നായകന്‍ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഇവിടെ മുമ്പ് നടന്ന ഏക ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ 322 റണ്‍സ് 42.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മറികടന്ന് ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. 117 പന്തില്‍ 152 റണ്‍സുമായി രോഹിത് ശര്‍മ്മയും 107 പന്തില്‍ 140 റണ്‍സുമായി വിരാട് കോലിയും അന്ന് സെഞ്ചുറി നേടി.

ഗുവാഹത്തിയില്‍ നാളെ നടക്കുന്ന ആദ്യ ഏകദിനത്തില്‍ രോഹിത് ശർമ്മയ്ക്കൊപ്പം ശുഭ്‌മാന്‍ ഗില്ലാവും ഓപ്പണര്‍. ഇഷാന്‍ കിഷനെ പരിഗണിക്കില്ല എന്ന് രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. രോഹിത് ശര്‍മ്മ, വിരാട് കോലി, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ തുടങ്ങി സീനിയര്‍ താരങ്ങളുടെ തിരിച്ചുവരവാണ് നാളത്തെ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യ-ശ്രീലങ്ക പരമ്പരയിൽ മൂന്ന് ഏകദിനങ്ങളാണുള്ളത്. അവസാന ഏകദിനം ഞായറാഴ്ച കാര്യവട്ടത്ത് നടക്കും. കാര്യവട്ടം ഏകദിനത്തിനുള്ള ടിക്കറ്റ് വില്‍പന ഇതിനകം ആരംഭിച്ചിരുന്നു. 

ലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം നാളെ; ആരാധകര്‍ പ്രതീക്ഷിക്കേണ്ടത് എന്തൊക്കെ?