മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍പേസര്‍ ആര്‍പി സിംഗ്, വിക്കറ്റ് കീപ്പറായിരുന്ന പാര്‍ഥീവ് പട്ടേല്‍ ഉള്‍പ്പടെ നിരവധി പേര്‍ അശ്വിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി
മൊഹാലി: ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിനെ (Kapil Dev) മറികടന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി മാറിയ സ്‌പിന്നര്‍ ആര്‍ അശ്വിനെ (R Ashwin) അഭിനന്ദിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (Sachin Tendulkar) ഉള്‍പ്പടെയുള്ളവര്‍. മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ (IND vs SL 1st Test) മൂന്നാംദിനമാണ് അശ്വിന്‍ നാഴികക്കല്ല് പിന്നിട്ടത്. കപിലിന്‍റെ 434 വിക്കറ്റുകളുടെ നേട്ടം അശ്വിന്‍ മറികടക്കുകയായിരുന്നു.
മൂന്നാംദിനം രണ്ടാം സെഷനില്‍ ലങ്കന്‍ ബാറ്റര്‍ പാതും നിസംങ്കയെ വീഴ്‌ത്തി കപിലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയ അശ്വിന് പിന്നാലെ ചരിത് അസലങ്കയെ പുറത്താക്കി 435-ാം ടെസ്റ്റ് വിക്കറ്റ് തികയ്‌ക്കുകയായിരുന്നു. ടെസ്റ്റില്‍ 400ലധികം വിക്കറ്റുള്ള നാല്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒരാളാണ് അശ്വിന്‍. സാക്ഷാല്‍ അനില്‍ കുംബ്ലെ(619 വിക്കറ്റ്) മാത്രമേ ഇന്ത്യക്കാരായി അശ്വിന് മുന്നിലുള്ളൂ. ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ന്യൂസിലന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ഹാര്‍ഡ്‌സിലെ മറികടന്ന് ഒന്‍പതാമെത്താന്‍ അശ്വിനായി. വിരമിക്കാത്ത സമകാലിക ക്രിക്കറ്റര്‍മാരില്‍ ഇംഗ്ലണ്ടിന്‍റെ ജിമ്മി ആന്‍ഡേഴ്‌സണും(640), സ്റ്റുവര്‍ട്ട് ബ്രോഡും(537) മാത്രമേ അശ്വിന് മുന്നിലുള്ളൂ.
ചരിത്ര നേട്ടത്തിലെത്തിയ ആശ്വിനെ ബിസിസിഐ അഭിനന്ദിച്ചു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍പേസര്‍ ആര്‍പി സിംഗ്, വിക്കറ്റ് കീപ്പറായിരുന്ന പാര്‍ഥീവ് പട്ടേല്‍ ഉള്‍പ്പടെ നിരവധി പേര്‍ അശ്വിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
