IND vs SL 1st Test : ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്‍മ്മയുടെ അരങ്ങേറ്റ മത്സരമായിരുന്നു

മൊഹാലി: വിരാട് കോലിയുടെ നൂറാം ടെസ്റ്റ് (Virat Kohli 100th Test) എന്നതായിരുന്നു മൊഹാലിയില്‍ ഇന്ത്യ ലങ്കയ്‌ക്കെതിരെ (IND vs SL 1st Test) ഇറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം. എന്നാല്‍ 100-ാം ടെസ്റ്റില്‍ 8000 റണ്‍സ് ക്ലബില്‍ ഇടംപിടിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ വലിയ ഇംപാക്‌ട് കോലിയില്‍ നിന്നുണ്ടായില്ല. അതേസമയം 175* റണ്‍സും ഒന്‍പത് വിക്കറ്റുമായി മൊഹാലിയിലെ മത്സരം രവീന്ദ്ര ജഡേജ (Ravindra Jadeja) സ്വന്തം പേരിലെഴുതി. ഇതോടൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക് (Rohit Sharma) ഒരു അഭിമാന നേട്ടവും മൊഹാലി സമ്മാനിച്ചു. 

ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്‍മ്മയുടെ അരങ്ങേറ്റ മത്സരമായിരുന്നു. ഇന്നിംഗ്‌സിനും 222 റണ്‍സിനും വിജയിച്ച് രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍സി അരങ്ങേറ്റം ഗംഭീരമാക്കി. ഇതോടെ ടീം ഇന്ത്യയുടെ ടെസ്റ്റ് നായകന്‍മാരില്‍ അരങ്ങേറ്റ മത്സരം ഇന്നിംഗ്‌സിന് ജയിക്കുന്ന രണ്ടാമത്തെ മാത്രം താരമായി രോഹിത് ശര്‍മ്മ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. 1955/56ല്‍ മുംബൈയില്‍ പോളി ഉമ്രിഗറുടെ ടീം ന്യൂസിലന്‍ഡിനെ ഇന്നിംഗ്‌സിനും 27 റണ്‍സിനും തോല്‍പിച്ചതാണ് റെക്കോര്‍ഡ് ബുക്കിലെ മുന്‍ സംഭവം. 

മൊഹാലി ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 222 റണ്‍സിനും ശ്രീലങ്കയെ തകര്‍ക്കുകയായിരുന്നു. പുറത്താവാതെ 175* റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയത്തിന്റെ നട്ടെല്ലായത്. സ്‌കോര്‍: ഇന്ത്യ 574/8 ഡി, ശ്രീലങ്ക 174 & 178. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. അടുത്ത ടെസ്റ്റ് ഈമാസം 12 മുതല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.

കോലിക്കും അശ്വിനും നേട്ടം

ടെസ്റ്റില്‍ 8000 റണ്‍സ് തികയ്‌ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി മത്സരത്തോടെ വിരാട് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്‌സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷ്‌‌മണ്‍(201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യന്‍ താരങ്ങള്‍. അതേസമയം ആര്‍ അശ്വിന് ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിനെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. ചരിത് അസലങ്കയെ പുറത്താക്കി കപിലിന്‍റെ 434 വിക്കറ്റുകളുടെ നേട്ടം അശ്വിന്‍ മറികടക്കുകയായിരുന്നു. 

വിരാട് കോലിയും ആര്‍ അശ്വിനും ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും മൊഹാലി ടെസ്റ്റ് അറിയപ്പെടുക 'ജഡേജ ടെസ്റ്റ്' എന്ന പേരിലാകും. ജഡേജ 228 പന്തില്‍ പുറത്താകാതെ 175* റണ്‍സും രണ്ടിന്നിംഗ്‌സിലുമായി 87 റണ്‍സിന് 9 വിക്കറ്റും നേടി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

Jadeja Test : 175 റണ്‍സ്, 9 വിക്കറ്റ്; ഇത് 'ജഡേജ ടെസ്റ്റ്' എന്ന് ക്രിക്കറ്റ് ലോകം! പ്രതികരണങ്ങളിങ്ങനെ