IND vs SL 1st Test : 175 റണ്‍സും 9 വിക്കറ്റ് മൊഹാലി ടെസ്റ്റ് തന്‍റെ പേരില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു രവീന്ദ്ര ജഡേജ
മൊഹാലി: മൊഹാലി ടെസ്റ്റില്‍ (IND vs SL 1st Test) ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (Ravindra Jadeja) പന്തും ബാറ്റും കൊണ്ട് കീഴടക്കിയപ്പോള്‍ ലങ്ക നാണക്കേടിന്‍റെ പടുകുഴിയില്‍. ടെസ്റ്റ് ചരിത്രത്തില്‍ ദ്വീപ് രാഷ്‌ട്രം അവരുടെ ഏറ്റവും ദയനീയമായ മൂന്നാമത്തെ ഇന്നിംഗ്‌സ് തോല്‍വിയാണ് മൊഹാലിയില്‍ വഴങ്ങിയത്. ലങ്കയെ ഫോളോ-ഓണ്‍ ചെയ്യിച്ച ഇന്ത്യ (Team India) ഇന്നിംഗ്‌സിനും 222 റണ്‍സിനും വിജയിക്കുകയായിരുന്നു. 175* റണ്‍സും 9 വിക്കറ്റുമായി മൊഹാലി ടെസ്റ്റ് തന്‍റെ പേരില്‍ (Jadeja Test) എഴുതിച്ചേര്‍ക്കുകയായിരുന്നു രവീന്ദ്ര ജഡേജ.
2017ല്‍ നാഗ്‌പൂരില്‍ ഇന്ത്യയോട് തന്നെ ഇന്നിംഗ്‌സിനും 239 റണ്‍സിനും തോറ്റതും 2001ല്‍ കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയോട് ഇന്നിംഗ്‌സിനും 229 റണ്‍സിനും തോറ്റത് മാത്രമാണ് ശ്രീലങ്ക നേരിട്ട ഇതിലും ദയനീയ പരാജയങ്ങള്‍. 1993ല്‍ കൊളംബോയില്‍ ദക്ഷിണാഫ്രിക്കയോട് ഇന്നിംഗ്‌സിനും 208 റണ്‍സിനും തോറ്റാണ് ഇന്നിംഗ്‌സിനും ഇരുനൂറിലധികം റണ്‍സിനും ലങ്ക കനത്ത പരാജയം രുചിച്ച മറ്റൊരു അവസരം.
'ജഡേജ ടെസ്റ്റ്'
മൊഹാലിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ 574-8 എന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലര്‍ ചെയ്യുകയായിരുന്നു. ജഡേജ 228 പന്തില്‍ 175* റണ്‍സുമായി പുറത്താകാതെ നിന്നു. തന്‍റെ ഇരട്ട സെഞ്ചുറിക്ക് കാത്തുനില്‍ക്കാതെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ നായകന്‍ രോഹിത് ശര്‍മ്മയോട് നിര്‍ദേശിക്കുകയായിരുന്നു ജഡേജ. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അതിവേഗം സ്‌കോര്‍ ചെയ്‌തതും(97 പന്തില്‍ 96), ഹനുമാ വിഹാരി(58), ആര്‍ അശ്വിന്‍(61), വിരാട് കോലി(45) എന്നിവരുടെ ബാറ്റിംഗും ഇന്ത്യക്ക് തുണയായി. അശ്വിനൊപ്പമടക്കം മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളില്‍ ജഡ്ഡു പങ്കാളിയായി.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ലങ്കയെ സ്‌പിന്‍ കെണിയില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു ഇന്ത്യ. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ജഡേജ-അശ്വിന്‍ സഖ്യം നിറഞ്ഞാടി. ജഡേജ അഞ്ചും അശ്വിനും ബുമ്രയും രണ്ട് വീതവും ഷമി ഒന്നും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ ലങ്ക 174 റണ്‍സില്‍ വീണു. 61 റണ്‍സെടുത്ത പാതും നിസംങ്ക മാത്രമാണ് അമ്പത് കടന്നത്. നായകന്‍ ദിമുത് കരുണരത്‌നെ 28ല്‍ മടങ്ങി. പിന്നീട് ഒരിക്കല്‍ പോലും തലയുയര്‍ത്താന്‍ ലങ്കയെ ഇന്ത്യന്‍ ബൗളിംഗ് നിര അനുവദിച്ചില്ല. നായകന്‍ രോഹിത്തിന് കരുത്തായി മുന്‍നായകന്‍ വിരാട് കോലി തന്‍റെ നൂറാം ടെസ്റ്റില്‍ ചേര്‍ന്നുനിന്നതോടെ മത്സരം ഇന്ത്യ സ്വന്തമാക്കി.
ഫോളോ-ഓണില്‍ നാല് വിക്കറ്റ് വീതവുമായി ജഡേജയും അശ്വിനും വീണ്ടും കളംവാണപ്പോള്‍ ലങ്ക കൂറ്റന്‍ തോല്‍വിയിലേക്ക് വഴുതി വീണു. ഷമി രണ്ട് വിക്കറ്റ് വീഴ്‌ത്തി. വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്‌വെല്ലയുടെ അര്‍ധ സെഞ്ചുറി(51*) മാത്രമാണ് ലങ്കയ്‌ക്ക് ആശ്വാസം. ധനഞ്ജയ ഡിസില്‍വ 30നും എഞ്ചലോ മാത്യൂസ് 28നും ദിമുത് കരുണരത്‌നെ 27നും ചരിത് അസലങ്ക 20നും പുറത്തായി. രണ്ട് ഇന്നിംഗ്‌സിലുമായി 87 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രവീന്ദ്ര ജഡേജയുടെ ഒന്‍പത് വിക്കറ്റ് പ്രകടനം. മത്സരത്തിലെ മാന്‍ ഓഫ് ദ് മാച്ചായി ജഡേജയല്ലാതെ മറ്റൊരു പേര് പരിഗണിക്കേണ്ടിപോലും വന്നില്ല.
