മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 222 റണ്‍സിനും ശ്രീലങ്കയെ തകര്‍ത്തിരുന്നു
ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റ് (IND vs SL 2nd Test) അല്‍പസമയത്തിനകം തുടങ്ങും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ (Rohit Sharma) ബാറ്റിംഗ് തെരഞ്ഞെടുത്തു. ജയന്ത് യാദവിന് (Jayant Yadav) പകരം സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ (Axar Patel) ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ലങ്കന്‍ നിരയില്‍ പാതും നിസങ്കയ്‌ക്കും ലഹിരു കുമാരയ്‌ക്കും പകരം കുശാല്‍ മെന്‍ഡിസും (Kusal Mendis) പ്രവീണ്‍ ജയവിക്രമയും (Praveen Jayawickrama) ഇടംപിടിച്ചു. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ (Mohali Test 2022) ജയിച്ച ഇന്ത്യക്ക് ബെംഗളൂരുവില്‍ (Bengaluru Test (D/N) വിജയിച്ചാല്‍ പരമ്പര തൂത്തുവാരാം.
ഇന്ത്യ: മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഹനുമ വിഹാരി, വിരാട് കോലി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര.
കോലിയില്‍ പ്രതീക്ഷ
സെഞ്ചുറിക്കായുള്ള വിരാട് കോലിയുടെ കാത്തിരിപ്പിന് ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവസാനമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2019 നവംബറിൽ കൊൽക്കത്തയിലെ പിങ്ക് ബോൾ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു കോലിയുടെ അവസാന സെഞ്ചുറി. ഇതിനുശേഷം ക്രീസിലെത്തിയ 71 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല.
മൊഹാലി- ജഡേജ ടെസ്റ്റ്
മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 222 റണ്‍സിനും ശ്രീലങ്കയെ തകര്‍ത്തിരുന്നു. പുറത്താവാതെ 175* റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌ത ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയത്തിന്‍റെ നട്ടെല്ലായത്. സ്‌കോര്‍: ഇന്ത്യ 574/8 ഡി, ശ്രീലങ്ക 174 & 178. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയായിരുന്നു. ജഡേജയായിരുന്നു മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അതിവേഗം സ്‌കോര്‍ ചെയ്‌തതും(97 പന്തില്‍ 96), ഹനുമാ വിഹാരി(58), ആര്‍ അശ്വിന്‍(61), വിരാട് കോലി(45) എന്നിവരുടെ ബാറ്റിംഗും ഇന്ത്യക്ക് തുണയായി. ജഡേജ അഞ്ചും അശ്വിനും ബുമ്രയും രണ്ട് വീതവും ഷമി ഒന്നും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ ലങ്ക 174 റണ്‍സില്‍ വീണു. ഫോളോ-ഓണില്‍ നാല് വിക്കറ്റ് വീതവുമായി ജഡേജയും അശ്വിനും വീണ്ടും കളംവാണപ്പോള്‍ ലങ്ക കൂറ്റന്‍ തോല്‍വിയിലേക്ക് വഴുതിവീഴുകയായിരുന്നു. ഷമി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
