ഹര്‍ഷല്‍ പട്ടേലും മുകേഷ് കുമാറും ടീമിലുള്ളതിനാല്‍ അര്‍ഷ്‌ദീപ് സിംഗിനെ പുറത്തിരുത്താനാണ് സാധ്യത

രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വലിയ ആശയക്കുഴപ്പത്തിലാണ്. പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ പൂനെ ടി20യില്‍ രണ്ട് ഓവറില്‍ അഞ്ച് നോബോളുകള്‍ സഹിതം 37 റണ്‍സ് വഴങ്ങിയ പേസര്‍ അര്‍ഷ്‌ദീപ് സിംഗിനെ എന്ത് ചെയ്യും എന്നതാണ് ഹാര്‍ദിക്കിന് മുന്നിലുള്ള പ്രധാന ചോദ്യം. ശുഭ്‌മാന്‍ ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്ത് നിലനിര്‍ത്തണോ അതോ മുമ്പ് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള റുതുരാജ് ഗെയ്‌ക്‌വാദിന് അവസരം നല്‍കണോ എന്നതാണ് രണ്ടാമത്തെ ചോദ്യം. 

ഹര്‍ഷല്‍ പട്ടേലും മുകേഷ് കുമാറും ടീമിലുള്ളതിനാല്‍ അര്‍ഷ്‌ദീപ് സിംഗിനെ പുറത്തിരുത്താനാണ് സാധ്യത. ആദ്യ രണ്ട് ടി20കളിലും ഫോമിലെത്താന്‍ കഴിയാതെ വന്ന ശുഭ്‌മാന്‍ ഗില്ലിന്‍റെ സ്ഥാനവും കയ്യാലപ്പുറത്താണ്. റണ്‍സ് വഴങ്ങുന്ന യുസ്‌വേന്ദ്ര ചാഹലിന് പകരം വാഷിംഗ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരെ ഉപയോഗിക്കാനും ടീമിന് അവസരം മുന്നിലുണ്ട്. പൂനെയില്‍ നടന്ന രണ്ടാം ട്വന്‍റി 20യില്‍ തന്‍റെ ആദ്യ ഓവറില്‍ ഹാട്രിക് നോബോളുകള്‍ എറിഞ്ഞ അര്‍ഷ്‌ദീപിനെതിരെ മുന്‍ താരങ്ങളില്‍ നിന്നടക്കം വിമര്‍ശനം ശക്തമായിരുന്നു. 

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. രാജ്കോട്ടിൽ വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം. മുംബൈയിൽ ടീം ഇന്ത്യയും പൂനെയിൽ ശ്രീലങ്കയും ജയിച്ചതോടെ രാജ്കോട്ടിലെ പോരാട്ടത്തിന് ഫൈനലിന്‍റെ ആവേശമാണ്. പുതിയ നായകൻ ഹാർദിക് പാണ്ഡ്യക്ക് കീഴിൽ യുവതാരങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ ഇന്ത്യൻ മണ്ണിലെ ആദ്യ ടി20 പരമ്പര വിജയമാണ് ശ്രീലങ്കയുടെ ഉന്നം. പരിക്കേറ്റ് മലയാളി താരം സഞ്ജു സാംസണ്‍ നേരത്തെ പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. 

പരമ്പര പിടിക്കാന്‍ ഇന്ത്യ, ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ലങ്ക; രാജ്കോട്ടില്‍ ഇന്ന് തീ പാറും പോരാട്ടം