രാജ്‌കോട്ടില്‍ 26 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച സൂര്യകുമാര്‍ യാദവ് വെറും 45 പന്തില്‍ മൂന്നക്കം തികച്ചിരുന്നു

രാജ്‌കോട്ട്: ഇതില്‍ക്കൂടുതല്‍ എന്ത് വേണം ഒരു ക്രിക്കറ്റ് താരത്തിന്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായ സാക്ഷാല്‍ വിരാട് കോലിയില്‍ നിന്ന് തന്നെ പ്രശംസ ലഭിക്കുക. രാജ്‌കോട്ടില്‍ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ട്വന്‍റി 20യിലെ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെയാണ് സൂര്യകുമാര്‍ യാദവിനെ തേടി കോലിയുടെ പ്രശംസ എത്തിയത്. മത്സരത്തില്‍ 51 പന്തില്‍ ഏഴ് ഫോറും 9 സിക്‌സറും സഹിതം പുറത്താവാതെ 112 റണ്‍സുമായി കത്തിക്കയറിയ സൂര്യ, കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കാണുമ്പോഴുള്ള പ്രതികരണത്തിന്‍റെ ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രാജ്‌കോട്ടിലെ ഇന്നിംഗ്‌സിന് ശേഷം ഡ്രസിംഗ് റൂമില്‍ മടങ്ങിയെത്തിയപ്പോഴാണ് സൂര്യകുമാര്‍, കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ടത്. 

രാജ്‌കോട്ടില്‍ 26 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച സൂര്യകുമാര്‍ യാദവ് വെറും 45 പന്തില്‍ മൂന്നക്കം തികച്ചു. രാജ്യാന്തര ടി20യില്‍ സ്കൈയുടെ മൂന്നാം ശതകമാണിത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും എതിരെയായിരുന്നു സൂര്യകുമാറിന്‍റെ ആദ്യ രണ്ട് സെഞ്ചുറികൾ. രാജ്‌കോട്ട് ഇന്നിംഗ്‌സോടെ ട്വന്‍റി 20യിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 1500 റൺസെടുക്കുന്ന താരമെന്ന നേട്ടം സൂര്യകുമാർ സ്വന്തമാക്കി. 45 രാജ്യാന്തര ടി20കളില്‍ മൂന്ന് സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറികളും സഹിതം 1578 റണ്‍സാണ് സ്കൈയുടെ സമ്പാദ്യം. 46.41 ആണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ സ്ട്രൈക്ക് റേറ്റ് 180.34 ഉണ്ട്. 

Scroll to load tweet…

ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ട്വന്‍റി 20യില്‍ സൂര്യകുമാര്‍ യാദവ് മിന്നല്‍ ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 228 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ലങ്കയെ 16.4 ഓവറില്‍ 137ല്‍ ചുരുട്ടിക്കെട്ടി ഇന്ത്യ 91 റണ്‍സിന്‍റെ ജയം രാജ്‌കോട്ടില്‍ സ്വന്തമാക്കി. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ 2-1ന് പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. സൂര്യകുമാര്‍ യാദവ് രാജ്‌കോട്ടിലെയും അക്‌സര്‍ പട്ടേല്‍ പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. എവിടെ പന്തെറിഞ്ഞാലും പന്ത് അതിര്‍ത്തിക്ക് അപ്പുറത്തേക്ക് പറത്തും എന്ന തരത്തിലായിരുന്നു രാജ്‌കോട്ടില്‍ സൂര്യകുമാറിന്‍റെ ബാറ്റിംഗ്. 

രോഹിത്തും കോലിയും അറിയുന്നുണ്ടോ; സ്വപ്‌ന റെക്കോര്‍ഡ് 'സ്കൈ' തകര്‍ക്കാനായി, അതും പാതിപോലും മത്സരം കളിക്കാതെ