ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ പത്താം ജയം. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 199-2, ശ്രീലങ്ക ഓവറില്‍ 20 ഓവറില്‍ 137-6.

ലഖ്നൗ: ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഇഷാന്‍ കിഷന്‍റെയും(Ishan kishan) ശ്രേയസ് അയ്യരുടെയും(Shreyas Iyer) വെടിക്കെട്ട്. ബൗളിംഗിനിറങ്ങിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിന്‍റെയും(Bhuvneshwar Kumar) വെങ്കടേഷ് അയ്യരുടെയും(Venkatesh Iyer) വിക്കറ്റ് കൊയ്ത്, ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യവുമായി ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത് 62 റണ്‍സിന്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ്(Charith Asalanka) ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ധര്‍മശാലയില്‍ നടക്കും.

ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ പത്താം ജയം. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 199-2, ശ്രീലങ്ക ഓവറില്‍ 20 ഓവറില്‍ 137-6.

ആദ്യ പന്തിലെ അടിതെറ്റി ലങ്ക

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്ക് ആദ്യ പന്തില്‍ തന്നെ അടിതെറ്റി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പാതും നിസങ്കയെ ലങ്കക്ക് നഷ്ടമായി. ഭുവിയുടെ പന്ത് പ്രതിരോധിച്ച നിസങ്കക്ക്, പന്ത് ഉരുണ്ട് വിക്കറ്റില്‍ കൊള്ളുന്നത് തടയാനായില്ല. ആദ്യ പന്തിലേറ്റ പ്രഹരത്തില്‍ തിന്ന് ലങ്ക പിന്നീട് കരകയറിയില്ല. ഭുവിയുടെ പന്തില്‍ കാമില്‍ മിഷാര നല്‍കിയ അനായാസ ക്യാച്ച് വെങ്കിടേഷ് അയ്യര്‍ അവിശ്വസനീയമായി നിലത്തിട്ടെങ്കിലും ഒറു പന്തിന് ശേഷം മിഷാരയെ(13) ഭുവി തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു.

നടുവൊടിച്ച് അയ്യരും ചാഹലും ജഡേജയും

ഭുവി ലങ്കയുടെ തലയറുത്തപ്പോള്‍ നടുവൊടിച്ചത് വെങ്കടേഷ് അയ്യരും യുസ്‌വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും ചേര്‍ന്നായിരുന്നു.റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട ജനിത് ലിയാനഗെയെ(17 പന്തില്‍11) വെങ്കടേഷ് അയ്യര്‍ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ ദിനേശ് ചണ്ഡിമലിനെ(10) ജഡേജയുടെ പന്തില്‍ ഇഷാന്‍ കിഷന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയെ(3) ചാഹല്‍ ഭുവനേശ്വര്‍ കുമാറിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ ചാമിക കരുണരത്നെയെ(21) വെങ്കടേഷ് അയ്യര്‍ പുറത്താക്കി. 60-5ലേക്ക് കൂപ്പുകുത്തിയ ലങ്കയെ കരുണരത്നെയും അസലങ്കയും ചേര്‍ന്നാണ് 100ന് അടുത്തെത്തിച്ചത്.

അസ്സലായത് അസലങ്ക മാത്രം

വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമാകുമ്പോഴും ഒരറ്റത്ത് തളരാതെ പൊരുതിയ ചരിത് അസലങ്കയാണ് ലങ്കയുടെ തോല്‍വിഭാരം കുറച്ചത്. 43 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അസലങ്ക(53*) ചമീരയെ(24*) കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് ലങ്കക്ക് മാന്യമായ തോല്‍വി സമ്മാനിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ടോവറില്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വെങ്കടേഷ് എയ്യര്‍ മൂന്നോവറില്ഡ 36 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ചാഹലും ജഡേജയും ഓരോ വിക്കറ്റെടുത്തു.

മ്മിന്നല്‍പ്പിണറായി കിഷന്‍

Scroll to load tweet…

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഇഷാന്‍ കിഷന്‍റെയും(Ishan Kishan) ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തത്. 56 പന്തില്‍ 89 റണ്‍സെടുത്ത കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍(Shreyas Iyer) 28 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓപ്പണിംഗ് വിക്കറ്റില്‍ 11.5 ഓവറില്‍111 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍-രോഹിത് ശര്‍മ സഖ്യമാണ് ഇന്ത്യക്ക് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടത്. പവര്‍ പ്ലേക്ക് പിന്നാലെ ജെഫ്രി വാന്‍ഡര്‍സേയുടെ പന്തില്‍ ഇഷാന്‍ കിഷന്‍ നല്‍കിയ അനായാസ ക്യാച്ച് ലിയാങ്കെ നിലത്തിട്ടത് ലങ്കക്ക് തിരിച്ചടിയായി. അര്‍ധസെഞ്ചുറിയിലേക്ക് കുതിച്ച രോഹിത്തിനെ ലഹിരു കുമാര മനോഹരമായൊരു സ്ലോ ബോളില്‍ ക്ലീന്‍ ബൗള്‍ഡാക്കുമ്പോള്‍ പന്ത്രണ്ടാം ഓവറില്‍ ഇന്ത്യ 111 റണ്‍സിലെത്തിയിരുന്നു. 32 പന്തില്‍ 44 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കിഷന്‍ അതിവേഗം സെഞ്ചുറിയിലേക്ക് കുതിക്കവെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ ഷനക വീഴ്ത്തി. 56 പന്തില്‍ 89 റണ്‍സെടുത്ത കിഷന്‍ പത്ത് ഫോറും മൂന്ന് സിക്സും പറത്തി. കിഷന്‍ പുറത്തായതിന് പിന്നാലെ സഞ്ജുവിനെ പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി രവീന്ദ്ര ജഡേജയാണ് ക്രീസിലെത്തിയത്. അവസാന ഓവറുകളില്‍ ശ്രേയസ് അയ്യര്‍ കത്തിക്കയറിയപ്പോള്‍ ഇന്ത്യ 199ല്‍ എത്തി. 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അയ്യര്‍ 28 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജഡേജ മൂന്ന് റണ്ണുമായി പുറത്താകാതെ നിന്നു.