രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 44 റണ്‍സാണ് രോഹിത് നേടിയത്. ഇതോടെ ചരിത്ര നേട്ടത്തിനുടമയായിരിക്കുകയാണ് രോഹിത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ക്യാ്പറ്റനെ തേടിയെത്തിയിരിക്കുന്നത്. 

ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) ആദ്യ ടി20യില്‍ മികച്ച പ്രകടനമായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേത് (Rohit Sharma). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് (Team India) മികച്ച തുടക്കം നല്‍കാന്‍ രോഹിത്തിന്റെ ഇന്നിംഗ്‌സ് സഹായിച്ചു. രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 44 റണ്‍സാണ് രോഹിത് നേടിയത്. ഇതോടെ ചരിത്ര നേട്ടത്തിനുടമയായിരിക്കുകയാണ് രോഹിത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ക്യാപ്റ്റനെ തേടിയെത്തിയിരിക്കുന്നത്. 

ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലിനെയാണ് രോഹിത് മറികടന്നത്. 3299 റണ്‍സാണ് കിവീസ് ഓപ്പണറുടെ സമ്പാദ്യം. 123 ടി 20 മത്സരങ്ങളില്‍ നിന്ന് 3307 റണ്‍സാണ് രോഹിത് നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് (Virat Kohli) മൂന്നാമന്‍. 3296 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 97 മത്സരങ്ങളില്‍ നിന്നാണ് കോലി ഇത്രയും റണ്‍സ് നേടിയത്. 

രോഹിത് നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയുമാണ് ടി20 ഫോര്‍മാറ്റില്‍ നേടിയിട്ടുള്ളത്. നേരിയ ചെറിയ റണ്‍സിന്റെ വ്യത്യാസം മാത്രമാണ് ഗപ്റ്റിലും കോലിയുമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ മികച്ച ഇന്നിങ്സുകൊണ്ട് ഈ നേട്ടം മറികടന്നേക്കാം. ശ്രീലങ്കന്‍ പരമ്പരയില്‍ വിരാട് കോലിയില്ല. അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഗപ്റ്റലിന് അടുത്ത കാലത്ത് മത്സങ്ങളുമില്ല. അതുകൊണ്ടുതന്നെ അല്‍പകാലത്തേക്ക് റെക്കോര്‍ഡ് രോഹിത്തിന്റെ അക്കൗണ്ടില്‍ സുരക്ഷിതമാണ്.

62 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ രോഹിത്തിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷന്‍ (89), ശ്രേയസ് അയ്യര്‍ (57) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തിലെ താരവും ഇഷാന്‍ ആയിരുന്നു. ശ്രേയസ് പുറത്താവാതെ നിന്നു. ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 

ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ പത്താം ജയം. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 199-2, ശ്രീലങ്ക ഓവറില്‍ 20 ഓവറില്‍ 137-6. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ധര്‍മശാലയില്‍ നടക്കും.