IND vs SL : യുഎഇയില്‍ നടന്ന ടി20ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്‌‌ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ ടീമുകളെ തോല്‍പിച്ചാണ് ഇന്ത്യ ജൈത്രയാത്ര തുടങ്ങിയത്

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര (India vs Sri Lanka T20Is) തൂത്തുവാരിയ ടീം ഇന്ത്യ (Team India) ലോക റെക്കോര്‍ഡിനൊപ്പം. രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായ 12-ാം ജയം സ്വന്തമാക്കിയതോടെ കുട്ടിക്രിക്കറ്റില്‍ കൂടുതല്‍ തുടര്‍ ജയങ്ങളുടെ (Most continious T20I win) നേട്ടത്തില്‍ അഫ്‌ഗാനിസ്ഥാനും റൊമാനിയക്കും ഒപ്പം ടീം ഇന്ത്യ ഇടംപിടിക്കുകയായിരുന്നു. 

2021 നവംബറിന് ശേഷം ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ പരാജയം രുചിച്ചിട്ടില്ല. യുഎഇയില്‍ നടന്ന ടി20ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്‌‌ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ ടീമുകളെ തോല്‍പിച്ചാണ് ഇന്ത്യ ജൈത്രയാത്ര തുടങ്ങിയത്. ഇതിനുശേഷം നവംബറില്‍ ന്യൂസിലന്‍ഡിനെയും ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളേയും വൈറ്റ് വാഷ് ചെയ്‌തു. 

ഇന്ത്യക്ക് ശ്രേയസ്

ശ്രേയസ് അയ്യരുടെ ബാറ്റിംഗ് കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ടീം ഇന്ത്യ തൂത്തുവാരുകയായിരുന്നു. ശ്രേയസ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പുറത്താകാതെ അര്‍ധ സെഞ്ചുറി (45പന്തില്‍ 73*) നേടിയപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി. 

നേരത്തെ ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ (38 പന്തില്‍ പുറത്താവാതെ 74) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ആവേഷ് ഖാന്‍ രണ്ട് വീഴ്ത്തി. ആദ്യ ടി20 62 റണ്‍സിനും രണ്ടാമത്തേത് ഏഴ് വിക്കറ്റിനും ടീം ഇന്ത്യ വിജയിച്ചിരുന്നു. ശ്രേയസ് അയ്യരാണ് പരമ്പരയുടെ താരം. ആദ്യ ടി20യില്‍ 28 പന്തില്‍ പുറത്താകാതെ 57 ഉം രണ്ടാമത്തേതില്‍ 44 പന്തില്‍ 74 ഉം റണ്‍സ് ശ്രേയസ് നേടിയിരുന്നു. 

IPL 2022 : കാത്തിരിപ്പിന് വിരാമം; മായങ്ക് അഗര്‍വാള്‍ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍