ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം ശരിയെന്ന് തെളിയിച്ചാണ് മത്സരം തുടങ്ങിയത്

ബാര്‍ബഡോസ്: ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ മുന്‍നിര തകര്‍ത്ത് ഇന്ത്യന്‍ പേസര്‍മാര്‍. 8.3 ഓവറില്‍ 45 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുമ്പോഴേക്ക് ടോപ് ത്രീ ബാറ്റര്‍മാരെ വിന്‍ഡീസിന് നഷ്‌ടമായി. അരങ്ങേറ്റ മത്സരം കളിക്കുന്ന മുകേഷ് കുമാറും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഷര്‍ദുല്‍ താക്കൂറുമാണ് വിക്കറ്റുകള്‍ നേടിയത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 11 ഓവറില്‍ 54-3 എന്ന നിലയിലാണ് ആതിഥേയര്‍. ക്യാപ്റ്റന്‍ ഷായ് ഹോപും(8*), വെടിക്കെട്ട് വീരന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറും(2*) ആണ് ക്രീസില്‍. 

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം ശരിയെന്ന് തെളിയിച്ചാണ് മത്സരം തുടങ്ങിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പവര്‍പ്ലേയില്‍ പന്തേല്‍പിച്ചപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ നാലാം പന്തില്‍ വിക്കറ്റ് വീണു. 9 പന്തില്‍ 2 റണ്‍സെടുത്ത കെയ്‌ല്‍ മെയേഴ്‌സ് നായകന്‍ രോഹിത് ശര്‍മ്മയുടെ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. പിന്നാലെ ബ്രാണ്ടന്‍ കിംഗും എലിക് അഥാന്‍സെയും കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും അഥാന്‍സെയെ പോയിന്‍റില്‍ രവീന്ദ്ര ജഡേജയുടെ കയ്യിലെത്തിച്ച് അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാര്‍ കന്നി വിക്കറ്റ് സ്വന്തമാക്കി. പവര്‍പ്ലേ പൂര്‍ത്തിയാകും മുന്നേ ബ്രാണ്ടന്‍ കിംഗിനെ ഉഗ്രന്‍ പന്തില്‍ ബൗള്‍ഡാക്കി ഷര്‍ദുല്‍ താക്കൂര്‍ വിന്‍ഡീസ് മുന്‍നിരയെ തരിപ്പിണമാക്കുകയായിരുന്നു. 

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍(അരങ്ങേറ്റം). 

വിന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: ഷായ് ഹോപ്(വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), കെയ്‌ല്‍ മെയേഴ്‌സ്, ബ്രാണ്ടന്‍ കിംഗ്, എലിക് അഥാന്‍സെ, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, റോവ്‌മാന്‍ പവല്‍, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, ഡൊമിനിക് ഡ്രാക്‌സ്, ജെയ്‌ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.

Read more: 'ഐപിഎല്‍ അരുമകളെല്ലാം ടീമില്‍, സഞ്ജു സാംസണ്‍ പുറത്തും'; രോഹിത് ശര്‍മ്മയെ പൊരിച്ച് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം