റിഷഭ് പന്തിന്‍റെ അഭാവത്തിൽ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനായി മത്സരിക്കുന്ന ഇഷാൻ കിഷനും സഞ്ജു സാസണും ടീമിലുണ്ട്
ബാര്‍ബഡോസ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങൾക്കും ഇതോടെ തുടക്കമാവുകയാണ്. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങൾക്ക് പരമ്പര നിര്‍ണായകമാണ്.
ഏകദിന ലോകകപ്പിനായുള്ള ഇന്ത്യയുടെ കച്ചമുറുക്കലാണ് വിൻഡീസ് പര്യടനം. 2011ന് ശേഷം ലോകകപ്പും 2013ന് ശേഷം ഐസിസി കിരീടവും നേടാത്ത ടീം ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട് സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ. കപ്പടിക്കാൻ പോന്ന ടീമിനെ കണ്ടെത്താനുള്ളതാണ് ഇനിയുള്ള ഓരോ പരമ്പരയും. മൂന്ന് മത്സരങ്ങളാണ് വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ടീം ഇന്ത്യ കളിക്കുക. ബാര്‍ബഡോസിലാണ് ആദ്യ രണ്ട് മത്സരങ്ങൾ. മൂന്നാം കളിക്ക് ട്രിനിനാഡ് വേദിയാവും. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിൽ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയ വമ്പൻ താരങ്ങളുണ്ട്.
സഞ‌്ജുവിന് നിര്‍ണായകം
റിഷഭ് പന്തിന്‍റെ അഭാവത്തിൽ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനായി മത്സരിക്കുന്ന ഇഷാൻ കിഷനും സഞ്ജു സാസണും ടീമിലുണ്ട്. സഞ്ജു സാംസണെ സംബന്ധിച്ച് അതിനിര്‍ണായകമാണ് ഇന്ത്യ-വിന്‍ഡീസ് പരമ്പര. നിലവിൽ ഇഷാൻ കിഷനാണ് ടീമിൽ പ്രഥമ പരിഗണന. ബാറ്റ് കൊണ്ട് വമ്പൻ പ്രകടനം നടത്തി മധ്യനിര ബാറ്ററായെങ്കിലും ലോകകപ്പ് ടീമിൽ ഇടം പിടിക്കാമെന്ന പ്രതീക്ഷയിലാണ് മലയാളി താരം. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ ഇലവനിലുള്‍പ്പെടുത്തുന്നത് തള്ളിക്കളയാനാവില്ല. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കൊപ്പം സ്‌പിൻ നിരയിലേക്ക് ആരെന്നതിലും മത്സരം ദൃശ്യം. യുസ്‍വേന്ദ്ര ചഹലും കുൽദീപ് യാദവും അവസരം മുതലാക്കാൻ കാത്തിരിക്കുകയാണ്. യുവ പേസര്‍ ഉമ്രാൻ മാലിക് അടക്കമുള്ളവര്‍ക്കും ഇത് സുവര്‍ണാവസരമാണ്.
ഇക്കുറി ലോകകപ്പിന് യോഗ്യത കിട്ടാതെ പോയ വിൻഡീസിന് മാനം കാക്കാനുള്ള അവസരമാണ് ഇന്ത്യക്കെതിരായ പരമ്പര. ഷിമ്രേണ്‍ ഹെറ്റ്‍മെയര്‍ അടക്കമുള്ളവരെ തിരിച്ചുവിളിച്ച് ഒരുങ്ങി തന്നെയാണ് വിൻഡീസും കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് വിന്‍ഡീസില്‍ കളി തുടങ്ങുക.
Read more: കാശല്ല വിഷയം; കിലിയൻ എംബാപ്പെ അൽ ഹിലാലിന്‍റെ റെക്കോര്‍ഡ് ഓഫര്‍ തള്ളിയതായി സൂചന
