2022 മുതല്‍ ഏകദിനത്തില്‍ 100ലേറെ സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സ‌ഞ്ജു സാംസണ്‍

ബാര്‍ബഡോസ്: ടെസ്റ്റ് പരമ്പര ജയിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയില്‍ ഇന്ന് മുതല്‍ ഇറങ്ങുകയാണ്. ബാര്‍ബഡോസില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്ക് ഇന്ത്യ- വിന്‍ഡീസ് ആദ്യ ഏകദിനം ആരംഭിക്കും. ടെസ്റ്റ് പരമ്പരയില്‍ നിന്ന് ടീമില്‍ ചില മാറ്റങ്ങളുണ്ട് എങ്കിലും ജയത്തോടെ തുടങ്ങാം എന്ന പ്രതീക്ഷ ടീം ഇന്ത്യക്കുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോ എന്ന ഒറ്റക്കാര്യമേ മലയാളി ആരാധകര്‍ക്ക് അറിയേണ്ടതായിട്ടുള്ളൂ. മത്സരത്തിന് മുമ്പ് സഞ‌്ജുവിന് ആത്മവിശ്വാസം നല്‍കുന്ന കണക്കുകളുണ്ട്. 

2022 മുതല്‍ ഏകദിനത്തില്‍ 100ലേറെ സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സ‌ഞ്ജു സാംസണ്‍. വമ്പന്‍ താരങ്ങള്‍ക്കൊപ്പമാണ് സഞ്ജുവിന്‍റെ സ്ഥാനം. സ്റ്റാര്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍, നായകന്‍ രോഹിത് ശര്‍മ്മ, റണ്‍മെഷീന്‍ വിരാട് കോലി, ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നീ ഇന്ത്യന്‍ താരങ്ങളാണ് പട്ടികയില്‍ സഞ്ജുവിനൊപ്പമുള്ളത്. ഇവരില്‍ ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പ്ലേയിംഗ് ഇലവനിലെത്താന്‍ സഞ്ജുവിനൊപ്പം മത്സരിക്കുന്ന താരമാണ്. ഇത് ടീം സെലക്ഷനില്‍ സഞ്ജു സാംസണിന് വെല്ലുവിളിയാവുന്ന ഘടകമായേക്കും. 

ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരില്‍ ആരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നതാണ് ഇന്ത്യന്‍ ടീമിന് മുന്നിലുള്ള പ്രധാന ചോദ്യം. രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍ സഖ്യം ഓപ്പണിംഗിലും വിരാട് കോലി മൂന്നാം നമ്പറിലും തുടരുമ്പോള്‍ നാലാം നമ്പറിന് അനുയോജ്യന്‍ സഞ്ജു തന്നെയാണ്. ഏകദിന ഫോര്‍മാറ്റില്‍ നാലാം നമ്പറില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനെ ബാറ്റിംഗ് ക്രമത്തില്‍ താഴേക്ക് ഇറക്കുന്നതാവും ഉചിതം എന്നതിനാല്‍ സഞ്ജു വിക്കറ്റ് കീപ്പറായി ഇലവനിലെത്താനിടയുണ്ട്. ഇഷാനെ മൂന്നാം ഓപ്പണറായാണ് ടീം കണക്കാക്കുന്നത് എങ്കില്‍ സഞ്ജു ഉറപ്പായും പ്ലേയിംഗ് ഇലവനില്‍ വരും. വിന്‍ഡീസിനെതിരെ അവസാന ടെസ്റ്റില്‍ മിന്നും വേഗത്തില്‍ ഫിഫ്റ്റി നേടിയതിന്‍റെ ആനുകൂല്യം പക്ഷേ ഇഷാനുണ്ട്. 

Read more: സഞ്ജു സാംസണ്‍ പിന്നില്‍, മുന്‍തൂക്കം ഇഷാന്‍ കിഷന്; കാരണം പറഞ്ഞ് ദിനേശ് കാര്‍ത്തിക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം