ടീം ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് പേരിലാക്കി

ബാര്‍ബഡോസ്: പേസര്‍മാര്‍ക്ക് പിന്നാലെ സ്‌പിന്നര്‍മാരും എറിഞ്ഞിട്ടതോടെ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് കുഞ്ഞന്‍ സ്കോറില്‍ പുറത്ത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസിനെ 23 ഓവറില്‍ 114 റണ്‍സില്‍ തളയ്‌ക്കുകയായിരുന്നു ഇന്ത്യന്‍ ബൗളിംഗ് നിര. ടീം ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി. നായകന്‍ ഷായ് ഹോപ് മാത്രമാണ് വിന്‍ഡ‍ീസിനായി പൊരുതിനോക്കിയത്. 3 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപിന്‍റെ നാല് വിക്കറ്റ് നേട്ടം. 

അരങ്ങേറ്റ ഏകദിനം കളിക്കുന്ന മുകേഷ് കുമാറും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഷര്‍ദുല്‍ താക്കൂറും പേസ് കൊടുങ്കാറ്റായതോടെ 8.3 ഓവറില്‍ 45 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുമ്പോഴേക്ക് ടോപ് ത്രീ ബാറ്റര്‍മാരെ വിന്‍ഡീസിന് നഷ്‌ടമായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പവര്‍പ്ലേയില്‍ പന്തേല്‍പിച്ചപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ നാലാം പന്തില്‍ വിക്കറ്റ് വീണു. 9 പന്തില്‍ 2 റണ്‍സെടുത്ത കെയ്‌ല്‍ മെയേഴ്‌സ് നായകന്‍ രോഹിത് ശര്‍മ്മയുടെ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. പിന്നാലെ ബ്രാണ്ടന്‍ കിംഗും എലിക് അഥാന്‍സെയും കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും അഥാന്‍സെയെ പോയിന്‍റില്‍ രവീന്ദ്ര ജഡേജയുടെ കയ്യിലെത്തിച്ച് അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാര്‍ കന്നി വിക്കറ്റ് സ്വന്തമാക്കി. പവര്‍പ്ലേ പൂര്‍ത്തിയാകും മുന്നേ ബ്രാണ്ടന്‍ കിംഗിനെ ഉഗ്രന്‍ പന്തില്‍ ബൗള്‍ഡാക്കി ഷര്‍ദുല്‍ താക്കൂര്‍ വിന്‍ഡീസ് മുന്‍നിരയെ തരിപ്പിണമാക്കി. 

ഇതിന് ശേഷം സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും വിന്‍ഡീസിനെ കറക്കിവീഴ്‌ത്തുന്നതാണ് കണ്ടത്. ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(19 പന്തില്‍ 11), റോവ്‌മാന്‍ പവല്‍(4 പന്തില്‍ 4), റൊമാരിയ ഷെഫോര്‍ഡ്(2 പന്തില്‍ 0) എന്നിവരെ രവീന്ദ്ര ജഡേജയും ഡൊമിനിക്ക് ഡ്രാക്‌സ്(5 പന്തില്‍ 3), യാന്നിക് കാരിയ(9 പന്തില്‍ 3), ഷായ് ഹോപ്(45 പന്തില്‍ 43), ജെയ്‌ഡന്‍ സീല്‍സ്(3 പന്തില്‍ 0) എന്നിവരെ കുല്‍ദീപ് യാദവും പുറത്താക്കി. തന്‍റെ മൂന്ന് ഓവറിനിടെ നാല് പേരെ മടക്കുകയായിരുന്നു കുല്‍ദീപ്. 

Read more: ബാര്‍ബഡോസില്‍ ഇന്ത്യന്‍ പേസ് കൊടുങ്കാറ്റ്; മുന്‍നിര തകര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം