ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 6 വിക്കറ്റിന് 149 റണ്‍സ് നേടി
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യന്‍ ടീം അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. ട്രിനാഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നാല് റണ്‍സിനായിരുന്നു ആതിഥേയതരുടെ ജയം. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 16-ാം ഓവറാണ് കളി വെസ്റ്റ് ഇന്‍ഡീസിന് അനുകൂലമാക്കിയത് എന്നാണ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ മത്സര ശേഷം വ്യക്തമാക്കിയത്.
ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 6 വിക്കറ്റിന് 149 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 4 വിക്കറ്റിന് 113 എന്ന നിലയിലായിരുന്നു ഇന്ത്യ. ഈസമയം വിജയപ്രതീക്ഷയിലായിരുന്നു ഹാര്‍ദിക് പാണ്ഡ‍്യയും സംഘവും. എന്നാല്‍ 16-ാം ഓവര്‍ എറിയാന്‍ എത്തിയ ജേസന്‍ ഹോള്‍ഡര്‍ ഇന്ത്യക്ക് ഇരട്ട പ്രഹരം നല്‍കി. ഓവറിലെ ആദ്യ പന്തില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്ലോ ഓഫ്-കട്ടറില്‍ ഹോള്‍ഡര്‍ ബൗള്‍ഡാക്കി. മൂന്നാം പന്തില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ സഞ്ജു സാംസണ്‍ കെയ്‌ല്‍ മെയേര്‍സിന്‍റെ പന്തിലെ നേരിട്ടുള്ള ത്രോയില്‍ പുറത്തായി. ഹാര്‍ദിക് 19 പന്തില്‍ 19 ഉം, സഞ്ജു 12 പന്തില്‍ 12 ഉം റണ്‍സാണ് നേടിയത്. ഇതോടെ പ്രതിസന്ധിയിലായ ഇന്ത്യന്‍ ടീമിന് പിന്നീട് വിജയത്തിലേക്ക് എത്താനായില്ല. 20 ഓവറില്‍ ഇന്ത്യന്‍ പോരാട്ടം 9 വിക്കറ്റിന് 145 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു.
നിര്‍ണായകമായി മാറിയ 16-ാം ഓവറിനെ കുറിച്ച് മത്സര ശേഷം ജേസന്‍ ഹോള്‍ഡറുടെ പ്രതികരണം ഇങ്ങനെ. മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായപ്പോള്‍ 16-ാം ഓവറാണ് നിര്‍ണായകമായത്. ടീം എഫേര്‍ട്ടിലാണ് ജയിച്ചത്. പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നു. നമുക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്‌ത്താനായി. അത് ഏറെ പ്രധാനപ്പെട്ടതായി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ഒട്ടേറെ മത്സരങ്ങളാണ് ഞാന്‍ കളിച്ചത്. ചെറിയ ഇടവേളയെടുത്ത ശേഷമാണ് മടങ്ങിവരുന്നത്. ഏകദിന പരമ്പരയിലെ വിശ്രമം അനിവാര്യമായിരുന്നു എന്നും ജേസന്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.
Read more: സഞ്ജു ഏഷ്യാ കപ്പിനില്ല! ശ്രേയസും രാഹുലും തിരിച്ചെത്തി; പതിനഞ്ചംഗ ടീമിനെ തിരഞ്ഞെടുത്ത് ഇഎസ്പിഎന്‍
