ആരാധകര്‍ക്ക് മുന്നിലേക്ക് 21കാരന്‍ രവി ബിഷ്‌ണോയിയെ രോഹിത് ശര്‍മ്മ അവതരിപ്പിക്കുമോ എന്ന വലിയ ആകാംക്ഷ നിലനില്‍ക്കുന്നു
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്‍റെ ആവേശത്തിലാണ് ടീം ഇന്ത്യ (Team India) ടി20 പരമ്പരയ്‌ക്ക് (IND vs WI T20I Series) ഇന്നിറങ്ങുന്നത്. ആദ്യ ടി20യില്‍ രോഹിത് ശര്‍മ്മ (Rohit Sharma) ആരെയൊക്കെയാവും പ്ലേയിംഗ് ഇലവനില്‍ അണിനിരത്തുക. പരിചയസമ്പന്നര്‍ ടീമില്‍ നില്‍ക്കേയെങ്കിലും ഒരു യുവ സ്‌പിന്നര്‍ക്ക് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും എന്നാണ് സൂചനകള്‍.
വിസ്‌മയിപ്പിക്കുമോ രോഹിത്?
നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇഷാന്‍ കിഷന് ഓപ്പണിംഗില്‍ അവസരമൊരുങ്ങിയേക്കും. മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് മാറ്റമുണ്ടാകില്ല. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനൊപ്പം ശ്രേയസ് അയ്യര്‍ക്ക് അവസരം നല്‍കിയേക്കും. വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് തുടരും എന്നുറപ്പാണ്. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ടീം ഇന്ത്യയുടെ വൈസ്റ്റ് ക്യാപ്റ്റന്‍റെ അധിക ചുമതലയും റിഷഭിനുണ്ട്. ഐപിഎല്‍ താരലേലത്തില്‍ 14 കോടി ലഭിച്ച ദീപക് ചാഹറും ഇലവനില്‍ സ്ഥാനമുറപ്പിക്കും. ന്യൂബോളില്‍ ദീപക്കിന്‍റെ മികവ് ടീമിന് പ്രതീക്ഷയാണ്. ദീപക്കിന്‍റെ ബാറ്റിലും ടീമിന് വിശ്വാസമര്‍പ്പിക്കാം.
പരിക്കും ഫോമില്ലായ്‌മയും അലട്ടിയ ശേഷം ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് പേസര്‍ ഭുവനേശ്വര്‍ കുമാറിന്. അതേസമയം ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ അസാന്നിധ്യത്തില്‍ മുഹമ്മദ് സിറാജായിരിക്കും ബൗളിംഗ് യൂണിറ്റിനെ നയിക്കുക. കുല്‍ദീപ്-ചാഹല്‍ സഖ്യത്തെ വീണ്ടും കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് 21കാരന്‍ രവി ബിഷ്‌ണോയിയെ രോഹിത് ശര്‍മ്മ അവതരിപ്പിക്കുമോ എന്ന വലിയ ആകാംക്ഷ നിലനില്‍ക്കുന്നു. മടങ്ങിവരവിന് കാത്തിരിക്കുന്ന ഇടംകൈയന്‍ സ‌്‌പിന്നര്‍ കുല്‍ദീപ് യാദവിന് ഇന്ത്യ അവസരം നല്‍കാനിടയുണ്ട്. എന്തായാലും കുല്‍ദീപ്, ചാഹല്‍, ബിഷ്‌ണോയി എന്നിവരില്‍ രണ്ടുപേര്‍ ടീമില്‍ സ്ഥാനമുറപ്പിക്കും.
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ(നായകന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍, ഉപനായകന്‍), ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ്.
കണ്ണുകള്‍ കിഷനിലും ശ്രേയസിലും
ഐപിഎല്‍ താരലേലത്തില്‍ നേട്ടമുണ്ടാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനിലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരിലുമാണ് കണ്ണുകള്‍. ഐപിഎല്‍ 2022 മെഗാതാരലേലത്തിലെ വിലയേറിയ താരമായിരുന്നു സ്‌ഫോടനാത്മക ബാറ്റിംഗ് ശേഷിയുള്ള ഇഷാന്‍ കിഷന്‍. 15.25 കോടി രൂപ മുടക്കിയാണ് ഇഷാനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്തിയത്. അതേസമയം മാര്‍ക്വീ താരങ്ങളില്‍ ശ്രേയസ് അയ്യര്‍ക്കാണ് ഉയര്‍ന്ന വില ലഭിച്ചത്. 12.25 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രേയസിനെ റാഞ്ചുകയായിരുന്നു. കെ എല്‍ രാഹുലും രവീന്ദ്ര ജഡേയും വിന്‍ഡീസിനെതിരെ ഇല്ലാത്തതിനാല്‍ മധ്യനിരയില്‍ ശ്രേയസിന്‍റെ പണികൂടും.
മത്സരം രാത്രി
കൊൽക്കത്തയിൽ രാത്രി 7.30നാണ് ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരം. ഏഴാം റാങ്കുകാരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം റാങ്കുകാരായ ഇന്ത്യക്ക് മേൽക്കൈ അവകാശപ്പെടാമെങ്കിലും ട്വന്‍റി 20 ഫോര്‍മാറ്റായതിനാൽ അലസത പാടില്ല. കരുത്തരായ ഇംഗ്ലണ്ടിനെതിരെ ട്വന്‍റി 20 പരമ്പര നേടിയാണ് വിന്‍ഡീസിന്‍റെ വരവ് എന്നത് ശ്രദ്ധേയമാണ്. പരമ്പര തൂത്തുവാരിയാൽ ഇന്ത്യക്ക് ലോക റാങ്കിംഗില്‍ ഒന്നാമതെത്താം. ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന കീറോൺ പൊള്ളാര്‍ഡ് വിന്‍ഡീസ് നായകനായി തിരിച്ചെത്താനിടയുണ്ട്.
IND vs WI : ബുമ്രയെ എറിഞ്ഞ് തോല്‍പിക്കാന്‍ ചാഹല്‍; വമ്പന്‍ റെക്കോര്‍ഡിന് തൊട്ടരികെ
