ടീം ഇന്ത്യക്കായി 50 ടി20 മത്സരങ്ങള്‍ കളിച്ച യുസ്‌വേന്ദ്ര ചാഹല്‍ 64 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടീം ഇന്ത്യയുടെ ടി20 പരമ്പര (India vs West Indies T20Is) ഇന്നാരംഭിക്കാനിരിക്കേ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ (Yuzvendra Chahal) കാത്തിരിക്കുന്നത് സുപ്രധാന നാഴികക്കല്ല്. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ രാജ്യാന്തര ടി20യില്‍ ടീം ഇന്ത്യയുടെ (Team India) ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാകും ചാഹല്‍. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെയാവും (Jasprit Bumrah) ഇക്കാര്യത്തില്‍ ചാഹല്‍ മറികടക്കുക.
ടീം ഇന്ത്യക്കായി 50 ടി20 മത്സരങ്ങള്‍ കളിച്ച യുസ്‌വേന്ദ്ര ചാഹല്‍ 64 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. അതേസമയം ജസ്‌പ്രീത് ബുമ്ര 55 മത്സരങ്ങളില്‍ 66 വിക്കറ്റും. വിന്‍ഡീസിനെതിരെ ബുമ്രക്ക് വിശ്രമം അനുവദിച്ചതിനാല്‍ ചാഹലിന് അനായാസം നേട്ടത്തിലെത്താനായേക്കും. ചിലപ്പോള്‍ ബുമ്രയേക്കാള്‍ ലീഡ് നേടാനും സ്‌പിന്നര്‍ക്കാകും. 2016 ജൂണില്‍ സിംബാബ്‌വെക്കെതിരെ ഹരാരെയില്‍ രാജ്യാന്തര ടി20 അരങ്ങേറ്റം കുറിച്ച ചാഹല്‍ കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയാണ് ഫോര്‍മാറ്റില്‍ അവസാനമായി കളിച്ചത്. വിന്‍ഡീസിനെതിരെ അവസാനിച്ച ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് യുസ്‌വേന്ദ്ര ചാഹല്‍ വീഴ്‌ത്തിയിരുന്നു.
ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാകും. ഇന്ത്യന്‍സമയം രാത്രി എഴ് മണിക്കാണ് മത്സരം തുടങ്ങുക. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും. ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ്മയും സംഘവും ഇറങ്ങുക. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ റുതുരാജ് ഗെയ്‌ക്‌വാദോ രോഹിത്തിന്‍റെ ഓപ്പണിംഗ് പങ്കാളിയായേക്കും. വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തതിനാല്‍ മുഹമ്മദ് സിറാജ് ആകും ബൗളിംഗ് നിരയെ നയിക്കുക.
പരമ്പരയ്‌ക്ക് മുമ്പ് പ്രഹരം
പരിക്കേറ്റ ഇന്ത്യന്‍ സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദര്‍ വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ കളിക്കില്ല എന്ന് ബിസിസിഐ അറിയിച്ചു. തുടഞരമ്പിന് പരിക്കേറ്റ സുന്ദറിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ അറിയിപ്പ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് ചികില്‍സയ്‌ക്കും പരിശീലനത്തിനുമായി വാഷിംഗ്‌ടണ്‍ സുന്ദര്‍ പോകും. ഐപിഎല്‍ താരലേലത്തില്‍ 8.75 കോടി രൂപയ്ക്ക് സുന്ദറിനെ ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതും വിന്‍ഡീസ് ഏഴാം സ്ഥാനത്തുമാണ്. എങ്കിലും വമ്പനടിക്ക് പേരുകേട്ട വിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യന്‍ ആരാധകര്‍ക്ക് ത്രില്ല് കൂട്ടും.
IND vs WI : 'പേടിയില്ലാത്ത അവനെ ഓപ്പണിംഗില്‍ ഇറക്കിവിടൂ'; യുവതാരത്തിനായി വാദിച്ച് ഹര്‍ഭജന്‍ സിംഗ്
