ഐപിഎല്‍ 2022 മെഗാതാരലേലത്തിലെ വിലയേറിയ താരമാണ് സ്‌ഫോടനാത്മക ബാറ്റിംഗ് ശേഷിയുള്ള ഇഷാന്‍ കിഷന്‍

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ ടി20യും (IND vs WI T20I Series) തൂത്തുവാരാന്‍ കൊതിച്ച് രോഹിത് ശര്‍മ്മയുടെ (Rohit Sharma) ടീം ഇന്ത്യ (Team India) നാളെയിറങ്ങുകയാണ്. ആദ്യ ടി20യില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കും എന്ന ആകാംക്ഷ മുറുകുമ്പോള്‍ ഒരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് (Harbhajan Singh). 

'ഇഷാന്‍ കിഷനെ കളിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട കാര്യമില്ല. അയാള്‍ കളിക്കാനൊരുക്കമാണ്. അദേഹത്തെ കളിപ്പിക്കുകയാണ് വേണ്ടത്. കിഷനെ എങ്ങനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താം എന്ന് ചിന്തിക്കുക. കെ എല്‍ രാഹുലിനെ ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ കളിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് ടി20യിലുമായിക്കൂടാ. ഏകദിനത്തില്‍ ബാറ്റിംഗ് ക്രമത്തില്‍ രാഹുല്‍ താഴെക്കിറങ്ങി കളിക്കുമ്പോള്‍ അദേഹത്തിന് വമ്പന്‍ ഷോട്ടുകള്‍ കളിക്കാനാകുന്നത് കണ്ടതാണ്. ടി20യില്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് മോശമാകില്ല. ഇതോടെ മധ്യനിര കരുത്താവുകയും ചെയ്യും. പവര്‍പ്ലേ ഓവറുകളില്‍ 40-60 റണ്‍സ് ടീമിന് നേടണമെങ്കില്‍ ഇഷാന്‍ കിഷനെ പോലുള്ള ഭയമില്ലാത്ത താരങ്ങളെ ഓപ്പണിംഗില്‍ ഇറക്കുകയാണ് വേണ്ടത്' എന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. 

അടുത്തിടെ ഐപിഎല്‍ 2022 മെഗാതാരലേലത്തിലെ വിലയേറിയ താരമായി മാറിയിരുന്നു സ്‌ഫോടനാത്മക ബാറ്റിംഗ് ശേഷിയുള്ള ഇഷാന്‍ കിഷന്‍. 15.25 കോടി രൂപ മുടക്കിയാണ് മുംബൈ ഇന്ത്യന്‍സ് ഇഷാനെ ടീമില്‍ നിലനിര്‍ത്തിയത്. വാശിയേറിയ ലേലത്തിനൊടുവിലാണ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററെ മുംബൈ സ്വന്തമാക്കിയത്. ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിംഗ്‌സും ഇഷാന്‍ കിഷനില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. 

ടി20 പരമ്പര നാളെമുതല്‍

ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയ്ക്ക് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകും. നേരത്തെ ഏകദിന പരമ്പര 3-0ന് ടീം ഇന്ത്യ തൂത്തുവാരിയിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് പരമ്പരയിലെ മൂന്ന് ടി20കളും നടക്കുക. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ റുതുരാജ് ഗെയ്‌ക്‌വാദോ രോഹിത് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളിയായേക്കും. വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തതിനാല്‍ മുഹമ്മദ് സിറാജ് ആകും ബൗളിംഗ് നിരയെ നയിക്കുക. ഐപിഎല്‍ താരലേലത്തിന് പിന്നാലെ ഇഷാന്‍ കിഷനിലാണ് കണ്ണുകളെല്ലാം. 

പരമ്പരയ്‌ക്ക് മുമ്പ് പ്രഹരം

പരിക്കേറ്റ ഇന്ത്യന്‍ സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദര്‍ വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ കളിക്കില്ല എന്ന് ബിസിസിഐ അറിയിച്ചു. തുടഞരമ്പിന് പരിക്കേറ്റ സുന്ദറിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ അറിയിപ്പ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് ചികില്‍സയ്‌ക്കും പരിശീലനത്തിനുമായി വാഷിംഗ്‌ടണ്‍ സുന്ദര്‍ പോകും. ഐപിഎല്‍ താരലേലത്തില്‍ 8.75 കോടി രൂപയ്ക്ക് സുന്ദറിനെ ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതും വിന്‍ഡീസ് ഏഴാം സ്ഥാനത്തുമാണ്. എങ്കിലും വമ്പനടിക്ക് പേരുകേട്ട വിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യന്‍ ആരാധകര്‍ക്ക് ത്രില്ല് കൂട്ടും. 

IND vs WI : വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; ഇന്ത്യക്ക് കനത്ത തിരിച്ചടി, യുവതാരം കളിക്കില്ല