ഇന്ത്യ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയാണ് മൂന്നാം ദിനമായ ഇന്ന് ബാറ്റിംഗ് തുടങ്ങിയത്
ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 150 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം. തകർപ്പന്‍ സെഞ്ചുറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളിനെ 387 പന്തില്‍ 171 റണ്‍സെടുത്ത് നില്‍ക്കേ പേസർ അല്‍സാരി ജോസഫ് പുറത്താക്കി. പിന്നാലെ അജിങ്ക്യ രഹാനെ രണ്ടക്കം കാണാതെ മടങ്ങി. രോഹിത് ശർമ്മ, ശുഭ്മാന്‍ ഗില്‍ എന്നിവരെ രണ്ടാം ദിനം നഷ്ടമായിരുന്നു. ഒടുവില്‍ റിപ്പോർട്ട് ലഭിക്കുമ്പോള്‍ മൂന്നാം ദിനം ആദ്യ സെഷനില്‍ 133 ഓവറില്‍ 362-4 എന്ന സ്കോറിലാണ് ഇന്ത്യ. ഇന്ത്യക്കിപ്പോള്‍ 213 റണ്‍സിന്‍റെ ലീഡായി. അർധസെഞ്ചുറി പിന്നിട്ട് വിരാട് കോലിയും(52*), രവീന്ദ്ര ജഡേജയുമാണ്(3*) ക്രീസില്‍.
ഡൊമിനിക്ക ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക് നീങ്ങുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി ഇന്ത്യ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയാണ് മൂന്നാം ദിനമായ ഇന്ന് ബാറ്റിംഗ് തുടങ്ങിയത്. 350 പന്തില്‍ 143* റണ്‍സുമായി യശസ്വി ജയ്‌സ്വാളും 96 ബോളില്‍ 36* റണ്‍സോടെ വിരാട് കോലിയുമായിരുന്നു ക്രീസില്‍. കളി തുടങ്ങിയ ഉടന്‍ ജയ്സ്വാള്‍ 150 പൂർത്തിയാക്കി. എന്നാല്‍ ഇരട്ട സെഞ്ചുറിയിലേക്ക് എത്താനായില്ല. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇന്ത്യക്കാരന്‍റെ ഉയർന്ന സ്കോർ എന്ന ശിഖർ ധവാന്‍റെ(187 റണ്‍സ്) റെക്കോർഡ് തകർത്തുമില്ല. രണ്ടാമതുള്ള രോഹിത് ശർമ്മയേയും(177) മറികടക്കാനായില്ല. ജയ്സ്വാളിന് പിന്നാലെ അജിങ്ക്യ രഹാനെയുടെ(11 പന്തില്‍ 3) വിക്കറ്റും ഇന്ത്യക്ക് ഇന്ന് നഷ്ടമായി.
സെഞ്ചുറി നേടിയ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മ(103), മൂന്നാമന്‍ ശുഭ്മാന്‍ ഗില്‍(6) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 64.3 ഓവറില്‍ 150 റണ്‍സില്‍ പുറത്താവുകയായിരുന്നു. മറ്റൊരു സ്പിന്നർ രവീന്ദ്ര ജഡേജ 14 ഓവറില്‍ 26 റണ്ണിന് മൂന്നും പേസർമാരായ മുഹമ്മദ് സിറാജ് 12 ഓവറില്‍ 25 റണ്ണിനും ഷർദുല്‍ താക്കൂർ 7 ഓവറില്‍ 15 റണ്ണിനും ഓരോ വിക്കറ്റും നേടി. വിന്‍ഡീസ് ബാറ്റർമാരില്‍ അരങ്ങേറ്റം മത്സരം കളിക്കുന്ന ഇരുപത്തിനാലുകാരന്‍ എലിക് എഥാന്‍സേയാണ്(99 പന്തില്‍ 47) ടോപ് സ്കോറർ. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റ് 20 ഉം, ടാഗ്നരെയ്ന്‍ ചന്ദർപോള്‍ 12 ഉം, റെയ്മന്‍ റീഫർ 2 ഉം, ജെർമെയ്‍ന്‍ ബ്ലാക്ക്‍വുഡ് 14 ഉം, ജോഷ്വ ഡിസില്‍വ 2 ഉം, ജേസന്‍ ഹോള്‍ഡർ 18 ഉം, അല്‍സാരി ജോസഫ് 4 ഉം, കെമാർ റോച്ച് 1 ഉം, ജോമെല്‍ വാരിക്കന്‍ 1 ഉം, റകീം കോണ്‍വാള്‍ 19* ഉം റണ്‍സെടുത്തു.
Read more: ടെസ്റ്റ് അരങ്ങേറ്റത്തില്‍ 150 പിന്നിട്ട് യശസ്വി ജയ്‌സ്വാള്‍; കൊതിപ്പിക്കും റെക്കോർഡ്
