രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20 മത്സരങ്ങളുമാണ് ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ളത്
ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ നിന്ന് 'മുങ്ങി' എന്ന് വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും മറ്റ് ചില താരങ്ങളും ഫിറ്റ്‌നസ് പരിശീലനത്തിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി സ്‌ട്രെങ്‌ത് ആന്‍ഡ് കണ്ടീഷിംഗ് വര്‍ക്കൗട്ടുകള്‍ക്കായാണ് താരങ്ങളെ എന്‍സിഎയിലേക്ക് ബിസിസിഐ വിളിപ്പിപ്പിച്ചിരിക്കുന്നത്. അടുത്ത ആഴ്‌ച ഈ താരങ്ങള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ ഈ സംഘത്തിലുണ്ടാകുമോ എന്ന കാര്യം വരും ദിവസങ്ങളില്‍ വ്യക്തമാകും.
രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20 മത്സരങ്ങളുമാണ് ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ളത്. ജൂലൈ 12ന് മത്സരങ്ങള്‍ ആരംഭിക്കും. ജൂലൈ മൂന്നിന് ഇന്ത്യന്‍ സ്‌ക്വാഡ് കരീബിയന്‍ നാട്ടിലേക്ക് യാത്രതിരിക്കും. ഇതിന് മുന്നോടിയായി ഫിറ്റ്‌നസ് ഉറപ്പാക്കാനായാണ് താരങ്ങളെ എന്‍സിഎയിലേക്ക് ബിസിസിഐ അയക്കുന്നത്. ബിസിസിഐയുടെ കരാറിലുള്ള താരങ്ങളെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഫിറ്റ്‌നസ് ഉറപ്പിക്കാന്‍ ഇവിടേക്ക് അയക്കാറുണ്ട്. ബെംഗളൂരു വേദിയാവുന്ന ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇഷാനോട് ഇതിന്‍റെ ഭാഗമായാണ് ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്താന്‍ ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ, ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇഷാന്‍ തീരുമാനിച്ചത് വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരുന്നു. കെ എസ് ഭരത് ബാറ്റ് കൊണ്ട് ഫോമിലെത്താന്‍ കഴിയാതിരുന്നിട്ടും ടെസ്റ്റ് കളിക്കാന്‍ കിഷന് താല്‍പര്യമില്ലേ എന്നായിരുന്നു ഉയര്‍ന്ന ചോദ്യം. എന്നാല്‍ ഇംഗ്ലണ്ടിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞ് വിന്‍ഡീസ് പര്യടനത്തിന് മുമ്പ് ഇഷാന്‍ ചെറിയ ഇടവേള എടുക്കുകയായിരുന്നു എന്നാണ് താരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.
അടുത്ത ആഴ്‌ചയുടെ ആദ്യം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തുന്ന ഇഷാന്‍ കിഷന്‍ ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ വിന്‍ഡീസ് പര്യടനത്തിന് മുമ്പ് ഫിറ്റ്‌നസ് ഉറപ്പിക്കും. വിന്‍ഡീസ് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ ഇഷാന്‍റെ പേരുണ്ടാകും എന്ന കാര്യം ഉറപ്പാണ്. ടെസ്റ്റ് സ്‌ക്വാഡില്‍ കെ എസ് ഭരതിനൊപ്പമാകും ഇഷാനെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തുക. അതേസമയം ഏകദിന, ട്വന്‍റി ടീമില്‍ ഇഷാന്‍ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറാവുമ്പോള്‍ സഞ്ജു സാംസണ് അവസരം ലഭിക്കുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹം സജീവമാണ്.
Read more: 'രോഹിത് ശര്‍മ്മയെ ടെസ്റ്റില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ല'; വിമര്‍ശകരുടെ വായടപ്പിച്ച് ഇതിഹാസം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
