സഞ്ജു സാംസണ്‍ ബാറ്റിംഗ് പരാജയമായ രണ്ടാം ട്വന്‍റി 20 മത്സരത്തിലും ടീം ഇന്ത്യ തോറ്റു

ഗയാന: ഇന്നലെ ടീമില്‍ വന്ന ഇരുപതുകാരന്‍ തിലക് വര്‍മ്മ പോലും ബൗളര്‍മാരെ യാതൊരു കൂസലുമില്ലാതെ പറത്തുന്നു. അതേസമയം സഞ്ജു സാംസണ്‍ ഇല്ലാത്ത റണ്ണിനായി ഓട്ടവുമോടി പറ്റാത്ത ഷോട്ടിനും ശ്രമിച്ച് പുറത്താവുകയാണ്. അലക്ഷ്യമായി ബാറ്റ് ചെയ്യുന്ന ഒരു താരത്തെ വിമര്‍ശിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് കാരണങ്ങള്‍ വേണം ആരാധകര്‍ക്ക്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ട്വന്‍റി 20 ടീമിലേക്ക് ചേക്കേറാന്‍ താരങ്ങള്‍ മത്സരിക്കുന്നിടത്താണ് സഞ്ജു അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാത്തത്. അരങ്ങേറ്റ പരമ്പര കളിക്കുന്ന 20 വയസുകാരന്‍ തിലക് വര്‍മ്മ കാട്ടുന്ന പക്വത സഞ്ജു സാംസണ്‍ കണ്ടുപഠിക്കണം എന്ന് ഉപദേശിക്കുകയാണ് ആരാധകര്‍. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ 12, 7 എന്നിങ്ങനെയാണ് സഞ്ജു സാംസണിന്‍റെ സ്കോര്‍. ഇതേസമയം രണ്ട് കളിയിലുമായി 45 ശരാശരിയിലും 142.86 സ്ട്രൈക്ക് റേറ്റിലും 90 റണ്‍സ് തിലക് വര്‍മ്മയുടെ പേരിലായിക്കഴിഞ്ഞു. ആദ്യ മത്സരത്തില്‍ നാലാമനായി ക്രീസിലെത്തി 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം തിലക് 39 റണ്‍സ് നേടി ടോപ് സ്കോററായി. രണ്ടാം കളിയില്‍ 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സോടെയും 51 റണ്‍സും സ്വന്തമാക്കി. രണ്ടാം രാജ്യാന്തര മത്സരത്തില്‍ തന്നെ തിലകിന് കന്നി അര്‍ധസെഞ്ചുറിയായി. ഇതോടെ ടി20 ടീമില്‍ നാലാം നമ്പര്‍ തിലക് ഉറപ്പിക്കുന്ന മട്ടാണ്. രണ്ടാം ടി20യില്‍ ശുഭ്‌മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും പുറത്തായ ശേഷം തിലക് മികവോടെ ബാറ്റ് വീശിയപ്പോള്‍ സഞ്ജു 7 പന്തില്‍ ഏഴ് റണ്‍സുമായി ക്രീസ് വിട്ടിറങ്ങി അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് സ്റ്റംപ് ചെയ്യപ്പെടുകയായിരുന്നു. ഇതോടെയാണ് തിലക് വര്‍മ്മയെ സ‌ഞ്ജു കണ്ടുപഠിക്കണമെന്ന ഉപദേശവുമായി ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സഞ്ജു സാംസണ്‍ ബാറ്റിംഗ് പരാജയമായ രണ്ടാം ട്വന്‍റി 20 മത്സരത്തിലും വിന്‍ഡീസിനെതിരെ ടീം ഇന്ത്യ തോറ്റു. ആദ്യ കളിയില്‍ നാല് റണ്‍സിന് ഹാര്‍ദിക് പാണ്ഡ്യയും സംഘവും തോല്‍വി അറിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു പരാജയം. 153 റണ്‍സ് വിജയലക്ഷ്യം ആതിഥേയർ 7 പന്ത് ബാക്കിനില്‍ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. അർധസെഞ്ചുറിയുമായി നിക്കോളാസ് പുരാന്‍ വിന്‍ഡീസിന്‍റെ വിജയശില്‍പിയായി. അവസാന ഓവറുകളില്‍ മത്സരം ഇഞ്ചോടിഞ്ചായപ്പോള്‍ ഒന്‍പതാം വിക്കറ്റിലെ അല്‍സാരി ജോസഫ്- അക്കീല്‍ ഹുസൈന്‍ പിരിയാത്ത കൂട്ടുകെട്ടാണ് ഇന്ത്യക്ക് പണിയായത്. ജയത്തോടെ അഞ്ച് ടി20കളുടെ പരമ്പരയില്‍ 2-0ന് വിന്‍ഡീസ് ലീഡുറപ്പിച്ചു. ഐപിഎല്‍ 2023 സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി പുറത്തെടുത്ത പ്രകടനത്തോടെയാണ് തിലക് വര്‍മ്മ ഇന്ത്യന്‍ ടി20 ടീമിലെത്തിയത്. 

Read more: പുരാന്‍ പൂരമായി, വാലറ്റം പാരയായി; രണ്ടാം ട്വന്‍റി 20യും തോറ്റമ്പി ടീം ഇന്ത്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം