ഞായറാഴ്‌ച വെയിലും മേഘങ്ങളുമുള്ള സമ്മിശ്ര കാലാവസ്ഥയാണ് ജോര്‍ജ്‌ടൗണില്‍ പ്രതീക്ഷിക്കുന്നത്
ഗയാന: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ടീം ഇന്ത്യ ഞായറാഴ്ച ഇറങ്ങുകയാണ്. ആദ്യ ട്വന്‍റി 20 തോറ്റ ടീം രണ്ടാം മത്സരത്തില്‍ വിജയത്തിരിച്ചുവരവ് ലക്ഷ്യമിടുന്നു. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക. പ്രാദേശിക സമയം രാവിലെയാണ് ഈ മത്സരം. മത്സരത്തിന് മുമ്പ് ജോര്‍ജ്‌ടൗണിലെ കാലാവസ്ഥ പരിശോധിക്കാം.
ഞായറാഴ്‌ച വെയിലും മേഘങ്ങളുമുള്ള സമ്മിശ്ര കാലാവസ്ഥയാണ് ജോര്‍ജ്‌ടൗണില്‍ പ്രതീക്ഷിക്കുന്നത്. രാവിലെ മഴയ്‌ക്ക് 50 ശതമാനം സാധ്യത കല്‍പിക്കപ്പെടുന്നുണ്ടെങ്കിലും മത്സരത്തെ ബാധിക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ട്. മത്സരത്തിന്‍റെ തുടക്കത്തില്‍ നനഞ്ഞ ഔട്ട്ഫീല്‍ഡ് പ്രതീക്ഷിക്കാമെങ്കിലും പിന്നീട് പ്രസന്നമായ കാലാവസ്ഥയായിരിക്കും ജോര്‍ജ്‌ടൗണില്‍. പകല്‍ 26 മുതല്‍ 32 ഡിഗ്രി വരെയായിരിക്കും ഇവിടുത്തെ കാലാവസ്ഥ എന്നതും വിജയത്തിരിച്ചുവരവ് ലക്ഷ്യമിടുന്ന ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
ട്രിനിഡാഡില്‍ നടന്ന ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാല് റണ്‍സിന്‍റെ തോല്‍വി നേരിട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 20 ഓവറില്‍ 6 വിക്കറ്റിന് 149 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 145 റണ്‍സേ കണ്ടെത്താനായുള്ളൂ. മലയാളി താരം സഞ്ജു സാംസണിന് മത്സരത്തില്‍ തിളങ്ങാനായില്ല. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ന് മുന്നിലെത്തി. രണ്ടാം ടി20യിലും സഞ്ജു കളിക്കുമെന്നാണ് പ്രതീക്ഷ.
ട്വന്‍റി 20 സ്ക്വാഡ്: ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യകുമാർ യാദവ്(വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക്, ആവേഷ് ഖാൻ, മുകേഷ് കുമാർ.
Read more: വിന്‍ഡീസിന് എതിരായ രണ്ടാം ട്വന്‍റി 20; മൂന്ന് കാര്യം ശരിയാക്കിയാല്‍ ഇന്ത്യക്ക് ജയിക്കാം
